ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പില്‍ നിന്ന് നിരത്തിലെത്തുന്ന കമ്മ്യൂട്ടര്‍ ബൈക്കാണ് പാഷന് പ്രൊ. ഇന്ധനക്ഷമതയിലും പ്രകടനത്തിലും ഏറെ ജനപ്രീതി നേടിയ ബൈക്കിന്റെ ബിഎസ്-6 പതിപ്പിന് വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. അടുത്തിടെയാണ് ബിഎസ്-6 മോഡല്‍ വിപണിയിലെത്തിയത്.
5,999 രൂപ ആദ്യഘടുവായി അടച്ച് ബിഎസ്-6 എന്ജിന് പാഷന് പ്രൊ സ്വന്തമാക്കാന്‍ കഴിയുന്ന പദ്ധതിയാണ് ഹീറോ ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെ, മാസത്തില്‍ 1976 രൂപയെന്ന കുറഞ്ഞ തിരിച്ചടവും ഹീറോ ഒരുക്കിയിട്ടുണ്ട്. വായ്പകള്‍ക്ക് കുറഞ്ഞ പലിശനിരക്കും തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് 95 ശതമാനം വരെ വായ്പയും നല്‍കുന്നുണ്ട്.
ബിഎസ്-6 എന്‍ജിനൊപ്പം മികച്ച ഡിസൈന്‍ ശൈലിയിലുമാണ് പുതിയ പാഷന് പ്രൊ എത്തിയിട്ടുള്ളത്. കൂടുതല്‍ സ്റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള പുതിയ ഹെഡ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ പെയിന്റ്, ടാങ്കിന്റെ വശങ്ങളില് നല്‍കിയിട്ടുള്ള പുതിയ കൗള്‍, മൂന്ന് ഗ്രാഫിക്സ് ഡിസൈന്‍, സിഗ്നേച്ചര്‍ ടെയ്ല് ലാമ്പ് എന്നിവയാണ് ഈ വരവില്‍ പാഷന് പ്രൊയെ സ്റ്റൈലിഷാക്കുന്നത്.
പാഷനില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ള ഡിജി-അനലോഗ് മീറ്റര്‍ ഈ ബൈക്കിന്റെ സാങ്കേതിക മികവ് പ്രതിഫലിക്കുന്നതാണ്. റിയല്‍ ടൈം മൈലേജ് പ്രദര്‍ശിപ്പിക്കുന്നതാണ് മീറ്ററിലെ പുതുമ. സ്റ്റീഡ്, ആര്‍പിഎം, ഫ്യുവല്‍ ഗേജ്, സമയം, കിലോമീറ്റര്‍ തുടങ്ങിയുള്ള വിവരങ്ങളും ഡിജി-അനലോഗ് മീറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ബിഎസ്-6 നിലവാരത്തിലുള്ള 110 സിസി എക്സ്-സെന്‍സ് പ്രൊഗ്രാമ്ഡ് ഫ്യുവല്‍ ഇഞ്ചക്ഷന് എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 9.02 ബിഎച്ച്പി പവറും 9.79 എന്‍എം ടോര്‍ക്കുമേകും. ഫ്യുവര്‍ ഇഞ്ചക്ഷന് സംവിധാനം നല്കിയിട്ടുള്ളതിനാല് മികച്ച ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ പുതിയ പാഷന് പ്രൊയിക്ക് ഉറപ്പ് നല്‍കുന്നത്.
സ്പോര്‍ട്സ് റെഡ്, ടെക്നോ ബ്ലൂ, മൂണ്‍ യെല്ലോ, ഗ്ലോസ് ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് പാഷന് പ്രൊ എത്തുന്നത്. സെല്‍ഫ് ഡ്രം അലോയി, സെല്‍ഫ് ഡിസ്ക് അലോയി എന്നീ രണ്ടുവേരിയന്റുകളിലെത്തുന്ന പാഷന് പ്രൊയിക്ക് 67,685 രൂപ മുതല്‍ 69,902 രൂപ വരെയാണ് കേരളത്തിലെ എക്സ്ഷോറും വില.
Content Highlights: Hero Announce Huge Offer For BS6 Engine Passion Pro