പ്രതീകാത്മക ചിത്രം | Photo: Hero MotoCorp|Harley Davidson
ഹാര്‍ളിയെ ഇന്ത്യന്‍ നിരത്തുകളില്‍ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹനനിര്‍മതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. ഇരുകമ്പനികളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യയില്‍ ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ വില്‍പ്പനയും സര്‍വീസും ഹീറോ ഷോറുകളിലൂടെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ഹാര്‍ളി ഡേവിഡ്‌സണ്‍ പുറത്തിറക്കിയിരുന്ന അനുബന്ധ ഉപകരണങ്ങളായ റൈഡിങ്ങ് ഗിയറുകള്‍, വാഹനങ്ങളുടെ പാര്‍ട്‌സുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ വിതരണം ഹാര്‍ളി ഡേവിഡ്‌സണ്‍ ഷോറൂമുകളില്‍ തുടരും. കഴിഞ്ഞ മാസമാണ് ഹാര്‍ളി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്.
ഇരു കമ്പനികളും തമ്മിലുള്ള പുതിയ ലൈസന്‍സിംഗ് കരാറിന്റെ അടിസ്ഥാനത്തില്‍ ഹീറോ മോട്ടോകോര്‍പ്പ്, ഹാര്‍ളി ഡേവിഡ്‌സണ്‍ എന്നീ ബ്രാന്റുകളില്‍ കൂടുതല്‍ ബൈക്കുകള്‍ നിര്‍മിക്കാനും ധാരണയായിട്ടുണ്ട്. ഹാര്‍ളിയുടെ എന്‍ട്രി ലെവല്‍ ബൈക്കുകളായിരിക്കും ഹീറോയുടെ ബാഡ്ജിങ്ങിലെത്തുക എന്നാണ് സൂചന.
നിലവില്‍ ഹാര്‍ളി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഏറ്റവും ചെറിയ ബൈക്ക് സ്ട്രീറ്റ് 750-ആണ്. എന്നാല്‍, ഹീറോയുമായുള്ള കൂട്ടുകെട്ടിന്റെ പശ്ചാത്തലത്തില്‍ കരുത്തും വിലയും കുറഞ്ഞ കൂടുതല്‍ മോഡലുകള്‍ ഇന്ത്യയിലെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയില്‍ ഹാര്‍ളിയുടെ ഏറ്റവും ചെറിയ മോഡല്‍ 338 ആണ്.
ഹാര്‍ളി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായും ബിസിനസ് രീതികളില്‍ മാറ്റം വരുത്തുമെന്നും സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് ഹീറോയുമായി സഹകരിക്കുന്നതിനുള്ള അവസരം ഒരുങ്ങുന്നത്. ഈ സഹകരണം കൂടുതല്‍ കരുത്തുറ്റ സേവനം ഉറപ്പാക്കുമെന്നാണ് ഇരുകമ്പനികളും പറയുന്നത്.
Content Highlights: Hero And Harley Davidson Announce Alliance For India Operations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..