ല ഇലക്ട്രിക്കിന്റെ മേധാവിയായ ഭവീഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇന്ത്യയിലെ മൊത്തം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും പ്രചോദനം നല്‍കുന്നതാണ്. സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ മാത്രം സാധ്യമായതെന്ന് നമ്മള്‍ വിചാരിക്കുന്ന അഭ്യാസങ്ങളാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിച്ച് ചില യുവാക്കള്‍ ചെയ്യുന്നത്. ഈ വീഡിയോ കാണുന്നവര്‍ അറിയാതെ പറഞ്ഞ് പോകും. 'ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് ഇലക്ട്രിക് സ്‌കൂട്ടര്‍'. 

സൈക്കിളില്‍ പോലും ഓവര്‍ടേക്ക് ചെയ്ത് പോകാന്‍ സാധിക്കുന്ന വേഗവും കയറ്റം കയറാന്‍ മടിക്കുന്ന കരുത്തില്‍ നിന്നെല്ലാം ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരുപാട് മുന്നോട്ട് പോയെന്ന് തെളിയിച്ചാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എത്തിയിട്ടുള്ളത്. ബൈക്കുകള്‍ക്കൊപ്പം നില്‍ക്കുന്ന കരുത്തും വേഗതയ്ക്കുമൊപ്പം ബൈക്ക് ഉപയോഗിക്കുന്നതിനെക്കാള്‍ ഉപയോക്താക്കള്‍ക്ക് സാമ്പത്തിക ലാഭവും ഉറപ്പാക്കിയാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തുകളില്‍ നിറയുന്നത്. 

ചെറിയ യാത്രകള്‍ക്ക് മാത്രമല്ല, വേണ്ടി വന്നാല്‍ അല്‍പ്പം അഭ്യാസത്തിനും ഒലയുടെ സ്‌കൂട്ടറുകള്‍ ഒരുക്കമാണെന്ന് തെളിയിക്കുകയാണ് ഈ വീഡിയോയില്‍, സ്‌കൂട്ടര്‍ ജംപിങ്ങ്, സ്‌കിഡിങ്ങ്, തുടങ്ങി പല അഭ്യാസങ്ങളാണ് ഈ സ്‌കൂട്ടര്‍ ഉപയോഗിച്ച് സ്റ്റണ്ടര്‍മാര്‍ ചെയ്യുന്നത്. ഒല സ്‌കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവ് വൈകാതെ ആരംഭിക്കുമെന്നും വാഹനങ്ങള്‍ ഏറെ വൈകാതെ തന്നെ ഉപയോക്താക്കള്‍ക്ക് കൈമാറുമെന്നും വീഡിയോ പങ്കുവെച്ച് ഒല മേധാവി ഉറപ്പുനല്‍കി.എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ രണ്ട് വേരിയന്റുകളുമായി ഓഗസ്റ്റ് 15-ാം തിയതിയാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്. എസ് വണ്‍ എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയര്‍ന്ന വകഭേദമായ എസ് വണ്‍ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. ഏഥര്‍ 450, ബജാജ് ചേതക് ഇലക്ട്രിക്, ടി.വി.എസ്. ഐ-ക്യൂബ് തുടങ്ങിയ ഇലക്ട്രിക് കരുത്തരുമായാണ് ഒലയുടെ ഇ-സ്‌കൂട്ടറുകള്‍ മത്സരിക്കുന്നത്.

8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാല്‍, എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ് എസ്-1, എസ്-1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂര്‍ണമായും ചാര്‍ജ് നിറയാന്‍ 6.30 മണിക്കൂറാണ് എടുക്കുന്നത്.

Content Highlights: Having some fun with the scooter, Ola Electric Scooter Stunt, Scooter Stunting, Ola Electric Scooter, Ola S1 Pro, Ola S1