ഹാർളി ഡേവിഡ്‌സൺ എക്‌സ്440 | Photo: Team BHP
നീണ്ട നാളുകളുടെ ഇടവേളയ്ക്ക് ശേഷം അമേരിക്കന്‍ പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണിന്റെ പുതിയ ഒരു ബൈക്ക് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളിലൊന്നായ ഹീറോയുടെ കൈപിടിച്ചാണ് ഹാര്‍ലിയുടെ പുതിയ എക്‌സ്440-യുടെ വരവ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രദര്‍ശിപ്പിച്ച ബൈക്ക് ജൂലായ് മൂന്നാം തിയതി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഹാര്‍ലിയുടെ പതിവ് ക്രൂയിസര്‍ രീതിയില്‍ നിന്ന് മാറി റോഡ്‌സ്റ്റര്‍ രൂപത്തിലാണ് എക്‌സ്440 എത്തുന്നതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഡി.ആര്‍.എല്‍ സിട്രിപ്പ്, യു.എസ്.ഡി. ഫോര്‍ക്ക്, അലോയി വീല്‍, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, താരതമ്യേന നീളം കൂടിയ ഹാന്‍ഡില്‍ ബാര്‍ എന്നിവയാണ് ആദ്യ കാഴ്ചയില്‍ ഈ വാഹനത്തെ അലങ്കരിക്കുന്ന ഭാഗങ്ങള്‍.
തീര്‍ത്തും പുതുമയുള്ള ഡിസൈനിലാണ് പെട്രോള്‍ ടാങ്ക് ഒരുങ്ങിയിരിക്കുന്നത്. ഫ്‌ളാറ്റായിട്ടുള്ള സിംഗിള്‍ സീറ്റാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. അല്‍പ്പം പിന്നിലേക്ക് വലിഞ്ഞാണ് ഫുട്ട് സ്റ്റെപ്പുകള്‍ നല്‍കിയിരിക്കുന്നത്. പൂര്‍ണമായും ബ്ലാക്ക് നിറത്തിലാണ് എന്‍ജിന്‍ റൂമും മറ്റും ഒരുക്കിയിരിക്കുന്നത്. സവിശേഷതകള്‍ അവകാശപ്പെടാനില്ലാത്ത എക്‌സ്‌ഹോസ്റ്റ് പൈപ്പും ഇതില്‍ കാണം. ലൈറ്റ് ബാര്‍ പോലെയാണ് ടെയ്ല്‍ ലൈറ്റ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് നല്‍കിയിരിക്കുന്നത്.

440 സി.സി. ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് എക്‌സ്440-യില്‍ കരുത്തേകുന്നതെന്നാണ് വിവരം. എന്‍ജിന്‍ പവര്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 30 ബി.എച്ച്.പി. പവറും 40 എന്‍.എം. ടോര്‍ക്കും എന്‍ജിന്‍ ഉത്പാദിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുമായാണ് ഈ വാഹനം ഏറ്റുമുട്ടുന്നതെന്നാണ് വിവരം. ആ മോഡല്‍ 20 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ മോഡലിനെക്കാള്‍ കരുത്തനായിരിക്കും ഹാര്‍ലിയുടെ ബൈക്ക്.
സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും നല്‍കുമെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. മുന്നില്‍ അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമായിരിക്കും സസ്‌പെന്‍ഷന്‍ ഒരുക്കുക. ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ള സവിശേഷ ഫീച്ചറുകളും വില ഉള്‍പ്പെടെയുള്ള വിവരങ്ങളും അവതരണ വേളയിലായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
2020 സെപ്റ്റംബറിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അമേരിക്കന്‍ പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ തന്നെ ഹാര്‍ലിയുമായി സഹകരണം പ്രഖ്യാപിച്ച് ഹീറോയുടെ അറിയിപ്പും എത്തുകയായിരുന്നു. ഹാര്‍ലിയുടെ ബൈക്കുകള്‍ ഇന്ത്യയില്‍ വില്‍ക്കാനും സര്‍വീസിനുമാണ് ഇരുകമ്പനികളും തമ്മില്‍ സഹകരണം പ്രഖ്യാപിച്ചത്. ഈ കൂട്ടുക്കെട്ടിന്റെ അടിസ്ഥാനത്തിലെത്തുന്ന ആദ്യ മോഡലാണ് എക്‌സ്440.
Content Highlights: Harley Davidson X440 bike set to launch on july 3, Harley Davidson-Hero Motocrop
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..