മേരിക്കന്‍ ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹാര്‍ളി ഡേവിഡ്സണില്‍ നിന്നും ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങാനൊരുങ്ങുന്നു. നവംബര്‍ ആറിന് നടക്കുന്ന മിലാന്‍ ഓട്ടോഷോയില്‍ ഹാര്‍ളിയുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ലൈവ്വയര്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം.

ഹാര്‍ളി ഡേവിഡ്സണ്‍ പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍, ആദ്യമായി പുറത്തിറങ്ങുന്ന ഗിയര്‍ലെസ് വാഹനം തുടങ്ങി നിരവധി പ്രത്യേകതകളോടെയാണ് ലൈവ്വയര്‍ പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെ ഇലക്ട്രിക് വാഹന ശ്രേണി ഇനിയും വിപുലപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

ഇക്കഴിഞ്ഞ ജൂലൈയിലാണ് ഹാര്‍ളി ലൈവ്വയറിന്റെ നിര്‍മാണം പ്രഖ്യാപിച്ചത്. കമ്പനിയുടെ വികസന പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് മേഖലയിലേക്ക് ചുവടുവയ്പ്പ് നടത്തുന്നത്. 2022-ഓടെ നിരത്തില്‍ കൂടുതല്‍ ഇലക്ട്രിക് ബൈക്ക് എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.

Harley Davidson LiveWire

2014-ല്‍ പ്രദര്‍ശിപ്പിച്ച പ്രെജക്റ്റ് ലൈവ്വയര്‍ കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. ഹാര്‍ലിയുടെ കരുത്തുറ്റ സ്പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ലൈവ്‌വയറിന്റെയും ഡിസൈന്‍. സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില്‍ ബെല്‍റ്റ് ഡ്രൈവ് മോഡിലാണ് ഈ വാഹനമെത്തുന്നത്. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെഷന്‍ ഒരുക്കുന്നത്. 

ഇന്ധന വാഹനങ്ങള്‍ക്ക് സമാനമായി ഫ്യുവല്‍ ടാങ്കിന് മുകളിലാണ് ലൈവ്വയറിലെ ചാര്‍ജിങ് സോക്കറ്റ്. 74 എച്ച്പി പവര്‍ നല്‍കുന്ന 55kW മോട്ടോറാണ് ലൈവ്വെയര്‍  കണ്‍സെപ്റ്റില്‍ നല്‍കിയിരുന്നത്. പ്രൊഡക്ഷന്‍ സ്പെക്കില്‍ ഇതിലും മികച്ച പെര്‍ഫെമെന്‍സ് പ്രതീക്ഷിക്കാം.

Harley-Davidson LiveWire

സാങ്കേതികമായും നിരവധി ഫീച്ചറുകള്‍ ഇതില്‍ ഒരുക്കും. മള്‍ട്ടി റൈഡ് മോഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ എന്നിവയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 

2019-ഓടെ ലൈവ്വയര്‍ നിരത്തിലെത്തിക്കാന്‍ സാധിക്കുമെന്നാണ് ഹാര്‍ളി ഡേവിഡ്സണ്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇതിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ആദ്യ ഘട്ടത്തില്‍ അമേരിക്കയിലും യൂറോപ്പിലും സന്ദര്‍ശിച്ച ശേഷം മാത്രമേ ലൈവ്വയര്‍ ഇലക്ട്രിക് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കെത്തു.