മേരിക്കന്‍ ആഡംബര ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ളി ഡേവിഡ്‌സണിന്റെ ഇലക്ട്രിക് ബ്രാന്റായ ലൈവ്-വയറിന് കീഴിലെ ആദ്യ മോഡല്‍ അവതരിപ്പിച്ചു. ഇലക്ട്രിക് മോഡലിന് റെഗുലര്‍ ബൈക്കുകളെക്കാള്‍ വില പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ച് കൊണ്ടാണ് ഈ ബൈക്ക് എത്തിയിരിക്കുന്നത്. ആദ്യ ലൈവ്‌വയറിന് 22.23 ലക്ഷം രൂപ വില വരുമ്പോള്‍ ഇലക്ട്രിക് പതിപ്പിന് 16.41 ലക്ഷം രൂപയാണ് വില.

ലൈവ്‌വയര്‍ ഇലക്ട്രിക് ബൈക്കില്‍ നല്‍കിയിട്ടുള്ള സാങ്കേതികവിദ്യയും പ്രകടനവും ഡിസൈനുകളും ഏറെ അംഗീകരിക്കപ്പെട്ടിരുന്നു എങ്കിലും ഇതിന്റെ ഉയര്‍ന്ന വിലയെ തുടര്‍ന്ന് നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുറഞ്ഞ വിലയില്‍ ലൈവ്‌വയര്‍ വണ്‍ എന്ന പേരില്‍ പുതിയ മോഡല്‍ എത്തിയത്. യു.എസ്. വിപണിയിലാണ് ഈ ബൈക്ക് എത്തിയിട്ടുള്ളത്. 

യഥാര്‍ഥ ലൈവ്‌വയര്‍ ബൈക്കിന് സമാനമായ ഡിസൈന്‍, മെക്കാനിക്കല്‍ ഫീച്ചറുകള്‍ എന്നിവയുമായാണ് ലൈവ്‌വയര്‍ വണ്‍ എത്തിയിട്ടുള്ളത്. 78 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്. 3.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറില്‍ 177 കിലോമീറ്ററാണ്. 

റേഞ്ചിലും ഞെട്ടിക്കാന്‍ ഉറച്ചാണ് ലൈവ്‌വയര്‍ വണ്‍ എത്തിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജില്‍ സിറ്റിയില്‍ 235 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഹൈവേ റേഞ്ച് ഹാര്‍ളി വെളിപ്പെടുത്തിയിട്ടില്ല. 112 കിലോമീറ്റര്‍ വേഗതയില്‍ 129 കിലോമീറ്റര്‍ റേഞ്ച് ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. 15.5 കിലോവാട്ട് ബാറ്ററിപാക്കാണ് ലൈവ്‌വയറില്‍ നല്‍കിയിരുന്നത്.

ഒരു മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഡി.സി. ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനമാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. 45 മിനിറ്റില്‍ 80 ശതമാനം ചാര്‍ജിങ്ങും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നുണ്ട്. ബാറ്ററിയില്‍ 20 ശതമാനം ചാര്‍ജ് അവശേഷിക്കുന്നുണ്ടെങ്കില്‍ അരമണിക്കൂറില്‍ 80 ശതമാനം ചാര്‍ജിങ്ങ് സാധ്യമാകുമെന്നുമാണ് ഹാര്‍ളി ഡേവിഡ്‌സണ്‍ ഉറപ്പുനല്‍കുന്നത്.

Source: HT Auto

Content Highlights: Harley-Davidson LiveWire ONE electric bike Launched