ന്ത്യയിലെ ആഡംബര ബൈക്ക് പ്രേമികളെ ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനം 2020 സെപ്റ്റംബറില്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ളി ഡേവിഡ്‌സണ്‍ നടത്തിയിരുന്നു. ഹാര്‍ളിയുടെ ഇന്ത്യയിലെ വാഹനനിര്‍മാണം അവസാനിപ്പിക്കുന്നുവെന്നായിരുന്നു ആ തീരുമാനം. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോയുടെ ഒരു പ്രഖ്യാപനവുമെത്തി. ഹാര്‍ളി ഡേവിഡ്‌സണുമായി സഹകരിക്കുമെന്നും ഇതുവഴി ഹാര്‍ളി ബൈക്കുകള്‍ ഇന്ത്യയില്‍ തുടരുമെന്നുമായിരുന്നു അത്.

സഹകരണം പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിനിപ്പുറം ഇരുകമ്പനികളുടെയും കൂട്ടുകെട്ടിൽ മിഡ്-സൈസ് ബൈക്കുകള്‍ നിര്‍മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 500 സി.സി. ബൈക്കുകളായിരിക്കും ഹാര്‍ളി-ഹീറോ കൂട്ടുക്കെട്ടില്‍ നിര്‍മിക്കുകയെന്നാണ് സൂചന. മിഡ്-സൈസ് ബൈക്ക് വിഭാഗത്തില്‍ ഇന്ത്യയിലെ മാര്‍ക്കറ്റ് ലീഡറായ റോയല്‍ എന്‍ഫീല്‍ഡുമായി നേരിട്ട് മത്സരിക്കാനായിരിക്കും ഈ ശ്രേണിയില്‍ ബൈക്കുകള്‍ ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയും അടുത്തിടെ 350 സി.സി. ബൈക്ക് നിര്‍മിച്ചിരുന്നു.

ഇരുചക്ര വാഹന വിഭാഗങ്ങളില്‍ ഏറ്റവും ഡിമാന്റുള്ള മിഡ് സൈസ് ശ്രേണിയിലേക്ക് ഹീറോയും ചുവടുവയ്ക്കുകയാണ്. ഹാര്‍ളി ഡേവിഡ്‌സണുമായി ഹീറോ പ്രഖ്യാപിച്ചിട്ടുള്ള പുതിയ കൂട്ടുക്കെട്ടിലായിരിക്കും ഈ ബൈക്ക് നിര്‍മിക്കുന്നത്. ഹാര്‍ളി, ഹീറോ ബ്രാന്റുകളില്‍ ഈ വാഹനം വിപണിയില്‍ എത്തുക്കാനുമാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്. ഇരുകമ്പനികളുടെയും വിദഗ്ധര്‍ വാഹനത്തിന്റെ നിര്‍മാണം ആരംഭിച്ചതയും ഹീറോ മോട്ടോകോര്‍പ് സി.എഫ്.ഒ. ഇന്ത്യയിലെ സാമ്പത്തിക വാര്‍ത്ത മാധ്യമമായ മണ്‍ കണ്‍ട്രോളിനോട് പറഞ്ഞു.

ഹാര്‍ളി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള മറ്റ് ബൈക്കുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയിലായിരിക്കും ഹീറോ-ഹാര്‍ളി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബൈക്ക് എത്തുകയെന്നാണ് സൂചന. ഈ ബൈക്കിന് കരുത്തേകുന്ന എന്‍ജിന്‍ പുതുതായി ഒരുങ്ങുമെങ്കിലും ഷാസി, മെക്കാനിക്കല്‍ പാര്‍ട്‌സുകള്‍, ഫീച്ചറുകള്‍ എന്നിവ രണ്ട് നിര്‍മാതാക്കളും സംഭവന ചെയ്യും. വാഹനം ഒരുങ്ങുന്നുണ്ടെന്ന് അറിയിച്ചെങ്കിലും ഇത് എപ്പോള്‍ നിരത്തുകളില്‍ എത്തുമെന്ന് ഹീറോയും ഹാര്‍ളി ഡേവിഡ്‌സണും വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ഒക്ടോബറിലാണ് ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ ഇന്ത്യയിലെ വില്‍പ്പനയും സര്‍വീസും ഹീറോ മോട്ടോകോര്‍പ് ഏറ്റെടുക്കുമെന്ന് അറിയിച്ചത്. ഇരു കമ്പനികളും തമ്മിലുള്ള പുതിയ ലൈസന്‍സിംഗ് കരാറിന്റെ അടിസ്ഥാനത്തില്‍ ഹീറോ മോട്ടോകോര്‍പ്പ്, ഹാര്‍ളി ഡേവിഡ്സണ്‍ എന്നീ ബ്രാന്റുകളില്‍ കൂടുതല്‍ ബൈക്കുകള്‍ നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഹാര്‍ളിയുടെ എന്‍ട്രി ലെവല്‍ ബൈക്കുകള്‍ ഹീറോയുടെ ബാഡ്ജിങ്ങില്‍ എത്തുമെന്നും സൂചനകളുണ്ടായിരുന്നു.

Source: Money Control

Content Highlights: Harley Davidson-Hero Motocrop Jointly Develop Mid-Size Motorcycle In India