ലക്ട്രിക് ബൈക്കുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനായി പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ സെസ് ഏര്‍പ്പെടുത്താനൊരുങ്ങുന്നു. 800 രൂപ മുതല്‍ 1000 രൂപ വരെ അധിക നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 

പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെയും ഇലക്ട്രിക് ബൈക്കുകളുടെയും വിലയിലുള്ള അന്തരം കുറയ്ക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഇലക്ട്രിക് ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. 

ഗ്രീന്‍ സെസ് ഏര്‍പ്പെടുത്തുന്നതോടെ വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ ഇരുചക്ര വാഹനനിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകുമെന്നാണ് വിലയിരുത്തലുകള്‍. ഇത് മൊത്ത വില്‍പ്പനയെയും പ്രതികൂലമായി ബാധിക്കും. 

2018-ല്‍ 21.6 മില്ല്യണ്‍ ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തിലെത്തിയത്.  ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.8 ശതമാനം വളര്‍ച്ചും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Content Highlights: Govt. could impose 'green cess' on petrol 2-wheelers