കോവിഡ് കാലത്തെ യാത്രകൾക്കായി ഇന്ത്യയിലെ ആദ്യ 'സോഷ്യൽ ഡിസ്റ്റെൻസിങ്ങ്' ഇലക്ട്രിക് സ്കൂട്ടർ മിസോ അവതരിപ്പിച്ചു. പൂർണ ഇന്ത്യൻ നിർമിത വാഹനം എന്ന ഖ്യാതിയിലെത്തുന്ന മിസോ, ഗോറിൻ ഇ-മൊബിലിറ്റി, ഒപായി ഇലക്ട്രിക് എന്നീ കമ്പനികളുടെ സംയുക്ത സ്ഥാപനമായ ജെമോപായ് ആണ് നിർമിച്ചിരിക്കുന്നത്.

ഒരാൾക്ക് മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് മിസോ മിനി ഇലക്ട്രിക് സ്കൂട്ടറിന്റെ രൂപകൽപ്പന. ഒറ്റത്തവ ചാർജ് ചെയ്താൽ 75 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ഈ വാഹനം രണ്ട് മണിക്കൂറിൽ 90 ശതമാനം ചാർജ് ചെയ്യാൻ കഴിയും. 44,000 രൂപയാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ എക്സ്ഷോറും വില.

പരമാവധി വേഗം മണിക്കൂറിൽ 25 കിലോമീറ്ററാണ്. അതുകൊണ്ടുതന്നെ ഈ സ്കൂട്ടറിന് രജിസ്ട്രേഷൻ പെർമിറ്റും ഡ്രൈവിങ്ങ് ലൈസൻസും ആവശ്യമില്ലെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഈ വാഹനത്തിന് മൂന്ന് വർഷത്തെ സൗജന്യ സർവീസ് വാറണ്ടിയാണ് നിർമാതാക്കളായ ജെമോപായ് ഉറപ്പുനൽകുന്നത്.

ക്യാരിയർ ഉള്ളതും ഇല്ലാത്തതുമായി രണ്ട് വേരിയന്റുകളിലാണ് മിസോ നിരത്തുകളിലെത്തുന്നത്. 120 കിലോഗ്രാമാണ് ഈ വാഹനത്തിലെ ക്യാരിയറിന്റെ ശേഷി. ഹെക്സ ഹെഡ്ലൈറ്റ്, എൽഇഡി ബാറ്ററി ഇന്റിക്കേറ്റർ എന്നിവ ഈ വാഹനത്തിലുണ്ട്. 1KW ലിഥിയം അയേൺ ബാറ്ററിയാണ് ഈ സ്കൂട്ടറിന് കരുത്തേകുന്നത്.

ഫെയറി റെഡ്, ഡീപ്പ് സ്കൈ ബ്ല്യു, ലൂസിയസ് ഗ്രീൻ, സൺസെറ്റ് ഓറഞ്ച് എന്നീ നാല് നിറങ്ങളിലാണ് മിസോ സ്കൂട്ടർ പുറത്തിറങ്ങുന്നത്. വാഹനത്തിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് 2000 രൂപയുടെ ആനുകൂല്യങ്ങളാണ് നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസത്തോടെ ഇന്ത്യയിലെ 60 ശതമാനം നഗരങ്ങളിലും ഈ വാഹനം എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു.

Content Highlights:Gemopai Launches Indias First Social Distancing Scooter Gemopai Miso