ബൈക്ക് അപകടത്തില്‍ മരിച്ച് തന്റെ ഉറ്റസുഹൃത്തിന്റെ അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് വിതരണം നടത്തിയ ഒരു യുവാവ്. പട്ന സ്വദേശിയായ രാഘവേന്ദ്ര കുമാര്‍ എന്ന 34-കാരനാണ് സൗജന്യമായി 49,000 ഹെല്‍മറ്റുകള്‍ വിതരണം ചെയ്ത് ബിഹാറിലെ ഹെല്‍മറ്റ് മാന്‍ എന്ന വിശേഷണം നേടിയിരിക്കുന്നത്. തന്റെ പ്രിയ സുഹൃത്ത് ബൈക്ക് അപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഹെല്‍മറ്റ് ബോധവത്കരണത്തിന് മുന്നിട്ടിറങ്ങിയത്.

ഐ.ടി. മേഖലയിലെ ജീവനക്കാരനായ രാഘവേന്ദ്ര കുമാറിന്റെ സുഹൃത്തായ കെ.കെ. താക്കൂര്‍ ഏഴ് വര്‍ഷം മുമ്പാണ് ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത്. അപകട സമയത്ത് അദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഈ സംഭവമാണ് ഹെല്‍മറ്റിന്റെ പ്രാധാന്യത്തെ കുറിച്ച് രാഘവേന്ദ്ര കുമാറിനെ ചിന്തിപ്പിച്ചത്. ഇതനുപിന്നാലെ, ഇത്തരം അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹം ഹെല്‍മറ്റ് വിതരണം ചെയ്യുകയായിരുന്നു. സൗജന്യമായാണ് അദ്ദേഹം ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് ഇത് നല്‍കി വന്നിരുന്നത്.

hELMET mAN

ബിഹാര്‍ സ്വദേശിയാണെങ്കിലും 22 സംസ്ഥാനങ്ങളില്‍ അദ്ദേഹം ഹെല്‍മറ്റ് വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം 49,272 ഹെല്‍മറ്റാണ് അദ്ദേഹം വിതരണം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ 6500 ഹെല്‍മറ്റുകളാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന്റെ സ്വന്തം ജില്ലയായ കായ്മുറില്‍ 4000 ഹെല്‍മറ്റും ബിഹാര്‍ സംസ്ഥാനത്ത് ഉടനീളം 13,000 പേര്‍ക്കുമാണ് ഇതുവരെ അദ്ദേഹം ഹെല്‍മറ്റ് സമ്മാനിച്ചിട്ടുള്ളതെന്നാണ് വിവരങ്ങള്‍.

അദ്ദേഹത്തിന് പരമ്പരാഗതമായി ലഭിച്ച മൂന്ന് ഏക്കര്‍ സ്ഥലവും വീടും വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ഹെല്‍മറ്റ് വിതരണം നടത്തുന്നത്. 49,000 ഹെല്‍മറ്റ് വാങ്ങുന്നതിനായി ഇതിനോടകം രണ്ട് കോടി രൂപയോളം മുടക്ക് വന്നിട്ടുണ്ടെന്നാണ് രാഘവേന്ദ്ര പറയുന്നത്. സുരക്ഷയുടെ സന്ദേശം നല്‍കുന്ന ഈ സേവനം താന്‍ ഇനിയും തുടരുമെന്നും ഇതുവഴി സുഹൃത്തിന്റെ ഓര്‍മകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.

Helmet Man

രാജ്യത്തെ നിരത്തുകള്‍ അപകട രഹിതമാക്കുന്നതിനുള്ള തന്റെ ഉദ്യമത്തിന് അദ്ദേഹം വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങളോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിനൊപ്പം ഹെല്‍മറ്റ്മാന്‍ എന്ന പേരില്‍ അദ്ദേഹം ഒരു വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ബോളിവുഡ് താരം സോനു സൂദ് ഒരു ചാനല്‍ പരിപാടിയില്‍ അഭിനന്ദിച്ചതോടെ ഈ പ്രവര്‍ത്തി ദേശിയതലത്തില്‍ ശ്രദ്ധനേടിയിട്ടുണ്ടെന്നാണ് രാഘവേന്ദ്രയുടെ വിശ്വാസം.

Content Highlights: Friend Died In Bike Accident; Bihar man sells land to distribute helmets worth Rs. 2 crore for free