-
ഇന്ത്യന്‍ നിരത്തുകളിലെ കുതിപ്പിന് ഹോണ്ടയുടെ പുതിയ മോഡല്‍ ഓഗസ്റ്റ് 27-ന് അവതരിപ്പിക്കും. 200 സിസി ബൈക്ക് ശ്രേണിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ വരവറിയിക്കുന്ന ടീസര്‍ ഹോണ്ട പുറത്തുവിട്ടു. കാറ്റിനെതിരേ പറക്കുകയെന്ന അടിക്കുറിപ്പോടെയാണ് ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഹോണ്ടയുടെ പതിവ് തെറ്റിക്കാതെ വരാനിരിക്കുന്ന വാഹനത്തെ കുറിച്ചുള്ള വിവരങ്ങളും പൂര്‍ണമായും സസ്പെന്‍സായി സൂക്ഷിച്ചിരിക്കുകയാണ്. ചോര്‍ന്ന് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് 200 സിസി ബൈക്ക് ശ്രേണിയിലേക്കുള്ള മോഡലാണ് അവതരിപ്പിക്കാനൊരുങ്ങുന്നതെന്നാണ് സൂചന. ഓണ്‍ലൈനായാണ് വാഹനം അവതരിപ്പിക്കുന്നത്.
ഹോണ്ടയുടെ 160 സിസി മോഡലായിരുന്ന ഹോര്ണെറ്റിന്റെ 200 പതിപ്പായിരിക്കും പുതിയ മോഡലെന്നും, അതല്ല ഹോണ്ട പേറ്റന്റ് സ്വന്തമാക്കിയിട്ടുള്ള സിബിഎഫ് 190ആര് ആയിരിക്കും വരുന്നതെന്നുമൊക്കെയാണ് അഭ്യൂഹങ്ങള്‍. ഹോര്‍ണെറ്റ് ബിഎസ്6-ലേക്ക് മാറാത്തതും സിബിഎഫ് 190ആറിന്റെ പേറ്റന്റ് സ്വന്തമാക്കിയതിനാലും ഈ സാധ്യത തള്ളികളയാനും കഴിയില്ല.
ഹോണ്ട പുറത്തുവിട്ട ടീസര്‍ അനുസരിച്ച് നിരത്തുകളിലുള്ള പുതുതലമുറ ബൈക്കുകളിലെ എല്ലാ ഫീച്ചറുകളും ഹോണ്ടയുടെ പുതിയ മോഡലിലും നല്‍കുന്നുണ്ട്. മസ്കുലര്‍ ഭാവമുള്ള ടാങ്ക്, എല്‍ഇഡി ലൈറ്റുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്ക് എന്നിവ ഹോണ്ടയുടെ ബൈക്കിലും ഒരുങ്ങുയേക്കും.
200 സിസി ബൈക്ക് ശ്രേണിയിലേക്കുള്ള വാഹനമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും എന്ജിന് സംബന്ധിച്ച വിവരങ്ങള്‍ ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല. ബജാജ് പള്‍സര്‍ 200 എന്‍എസ്, ടിവിഎസ് അപ്പാച്ചെ ആര്ടിആര്200 തുടങ്ങിയ ബൈക്കുകളാണ് ഇന്ത്യയിലെ 200 സിസി ശ്രേണി ഭരിക്കുന്നത്. ഇവരോട് മുട്ടാനാണ് ഹോണ്ടയുടെ പുത്തന്‍ പോരാളിയെ എത്തിക്കുന്നത്.
Content Highlights: Fly Against the Wind; Honda 2Wheelers India Launch New 200 CC Bike
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..