ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ അള്‍ട്രാവയലെറ്റ് ഓട്ടോമോട്ടീവ് രാജ്യത്തെ ആദ്യ ഹൈ പെര്‍ഫോമെന്‍സ് ഇലക്ട്രിക് ബൈക്ക് അള്‍ട്രാവയലെറ്റ് F77 നവംബര്‍ 13ന് അവതരിപ്പിക്കും. ഉയര്‍ന്ന ടെക്‌നോളജി സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഏവിയേഷന്‍ എന്‍ജിനിയറിങ്ങില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അള്‍ട്രാവയലെറ്റ് F77 പെര്‍ഫോമെന്‍സ് ബൈക്കിന്റെ നിര്‍മാണമെന്ന് കമ്പനി പറയുന്നു. 

ടീസര്‍ പ്രകാരം കരുത്തന്‍ സ്‌പോര്‍ട്‌സ് ബൈക്കുകളോട് കിടപിടിക്കുന്ന രൂപഘടന ആദ്യ അള്‍ട്രാവയലെറ്റ് മോഡലിനുണ്ട്. ട്രെല്ലീസ് ഫ്രെയ്മിലാണ് നിര്‍മാണം. നിരവധി കണക്റ്റിവിറ്റി സംവിധാനങ്ങളുള്ള സ്മാര്‍ട്ട് കണക്റ്റഡ് ഇലക്ട്രിക് ബൈക്കായിരിക്കും അള്‍വയലെറ്റ് F77. റൈഡ് ടെലിമാറ്റിക്‌സ്, റിമോട്ട് ഡയക്‌നോസിസ്, ഓവര്‍ ദി എയര്‍ അപ്‌ഡേറ്റ്‌സ്, റീജനറേറ്റീവ് ബ്രേക്കിങ്, മള്‍ട്ടിപ്പിള്‍ റൈഡ് മോഡുകള്‍, റൈഡ് അനലക്റ്റിക്‌സ്, ബൈക്ക് ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങള്‍ ഇതിലുണ്ടാകും. ഉയര്‍ന്ന പെര്‍ഫോമെന്‍സ് നല്‍കുന്നതിനൊപ്പം മികച്ച സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടാകും. 

Ultraviolette F77

24 kW ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിലുണ്ടാവുക. 2.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ F77 ഇലക്ട്രിക്കിന് സാധിക്കും. സാധാരണ ബൈക്കുകളിലെ എന്‍ജിന്റെ സ്ഥാനത്താണ് ഇതിലെ ബാറ്ററി പാക്ക്. അതേസമയം ബാറ്ററി റേഞ്ച് സംബന്ധിച്ച സൂചനയെന്നും ഇതുവരെ കമ്പനി നല്‍കിയിട്ടില്ല. ഇന്‍സാന്‍, സ്‌പോര്‍ട്ട്, ഇക്കോ എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തിനുണ്ടാകും. നവംബര്‍ 13ന് അവതരിപ്പിക്കുന്ന അള്‍ട്രാവയലെറ്റ് F77 അടുത്ത വര്‍ഷത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തുമെന്നാണ് സൂചന. 

Content Highlights; first high performance electric bike ultraviolette F77 coming soon