ലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 (ഭാരത് സ്‌റ്റേജ് 6) നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ സ്‌കൂട്ടര്‍ ഹോണ്ട അവതരിപ്പിച്ചു. ആക്ടീവ 125 FI മോഡലാണ് ബിഎസ് 6 എന്‍ജിനില്‍ പുറത്തിറക്കിയത്. ഈ വര്‍ഷം അവസാനത്തോടെ പുതിയ ആക്ടീവ വിപണിയിലെത്തും. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക്‌ ബിഎസ് 6 നിലവാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബിഎസ് 4 ല്‍ നിന്നും ബിഎസ് 6 ലേക്ക് കടക്കുന്നതോടെ വായു മലിനീകരണം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. 

രൂപത്തില്‍ മുന്‍ മോഡലിന് സമാനമാണ് ബിഎസ് 6 ആക്ടീവ 125 FI. പുതിയ ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവ ബിഎസ് 6 ആക്ടീവയെ അല്‍പം വ്യത്യസ്തമാക്കും. പുതിയ ഡിജി-അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ മൈലേജ് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിലുണ്ട്. പുതിയ അലോയി വീലിനൊപ്പം മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കാണ് സസ്‌പെന്‍ഷന്‍. പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറും.

സൈഡ് സ്റ്റാന്റ് തട്ടിയാല്‍ മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കു. 18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്‌പേസ്. മുന്നില്‍ ചെറിയ സ്‌റ്റോറേജ് സ്‌പേസ് വേറെയുമുണ്ട്. ബിഎസ് 6 നിലവാരത്തിലുള്ള 124.9 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6500 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ്. കോംബി ബ്രേക്ക് സംവിധാനവും വാഹനത്തിലുണ്ട്. വില സംബന്ധിച്ച വിവരങ്ങള്‍ ലോഞ്ചിങ് വേളയിലേ കമ്പനി വ്യക്തമാക്കു. 

Content HIghlights; Honda Activa 125 FI, Activa 125 FI, First BS 6 Scooter, BS 6 Activa