ഡിസ്‌ക് ബ്രേക്കിലെ കാലിപ്പര്‍ ബോള്‍ട്ടിലെ തകരാറിനെ തുടര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്,  ഇലക്ട്ര എന്നീ മോഡലുകളുടെ 7000 ബൈക്കുകള്‍ തിരിച്ചുവിളിക്കുന്നു. 2019 മാര്‍ച്ച് 20-നും ഏപ്രില്‍ 30-നും ഇടയില്‍ നിര്‍മിച്ച ബൈക്കുകളാണ് നിര്‍മാതാക്കള്‍ തിരികെ വിളിച്ചിരിക്കുന്നത്. 

ബ്രേക്ക് ഹോസിനെയും ബ്രേക്ക് കാലിപ്പറിനെയും സുരക്ഷിതമാക്കുന്ന ഭാഗമാണ് കാലിപ്പര്‍ ബോള്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ നിര്‍മിച്ച ബുള്ളറ്റ്, ഇലക്ട്ര എന്നീ ബൈക്കുകളില്‍ ഇത് തെറ്റായ രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 

ബുള്ളറ്റ് 350 സിസി, 500 സിസി ഏന്നീ രണ്ട് മോഡലുകളിലും ഈ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ സര്‍വീസ് ടീം നടത്തിയ പരിശോധനയിലാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നിര്‍മിച്ച വാഹനത്തില്‍ ഈ പോരായ്മ കണ്ടെത്തിയത്. 

മുകളില്‍ നല്‍കിയിട്ടുള്ള സമയത്ത് നിര്‍മിച്ച ബൈക്കുകള്‍ കൈവശമുള്ളവര്‍ തൊട്ടടുത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമുകളില്‍ എത്തി തകരാര്‍ പരിഹരിക്കണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമായിരിക്കുമെന്നും റോയല്‍ എന്‍ഫീല്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

Content Highlights: Faulty Brake Calliper Bolt; Royal Enfield Recalls 7000 Bullet Bikes