ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുണ്ടായ അപകടം | Photo: ET Auto
ഇലക്ട്രിക് സ്കൂട്ടറുകളില്‍ നല്‍കിയിട്ടുള്ള ബാറ്ററി സെല്ലുകളുടെയും മൊഡ്യൂളുകളുടെയും പോരായ്മയാണ് തീപ്പിടിത്തത്തിന്റെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഉള്‍പ്പെടെയുള്ള മൂന്ന് കമ്പനികളുടെ സ്കൂട്ടറുകളില്‍ അടുത്തിടെ തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് റോയിട്ടേഴാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഒലയുടെ സ്കൂട്ടറില്‍ തീപ്പിടിത്തമുണ്ടായത് ബാറ്ററി സെല്ലുകളുടെയും ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തിന്റെയും തകരാറിനെ തുടര്‍ന്നാണെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇലക്ട്രിക് സ്കൂട്ടറുകളില്‍ തീപിടിത്തമുണ്ടാകുന്നത് പതിവ് സംഭവമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷ വിലയിരുത്തണമെന്നും തീപ്പിടിത്തമുണ്ടാകാനുള്ള കാരണങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദേശം നല്‍കിയത്.
വിദഗ്ധ പരിശോധനകള്‍ക്കായി മൂന്ന് കമ്പനികളില്‍ നിന്നും സെല്ലുകളുടെ സാമ്പിളുകള്‍ പരിശോധന സംഘം ശേഖരിച്ചിട്ടുണ്ട്. ഈ അന്വേഷണം സംബന്ധിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് രണ്ടാഴ്ച്യ്ക്കുള്ളില് പുറത്തുവിടുമെന്നാണ് സൂചനകള്‍. അതേസമയം, ഒലയുടെ ബാറ്ററി സെല്ലുകള്‍ സൗത്ത് കൊറിയന്‍ കമ്പനിയായ എല്‍.ജി. എനര്‍ജി സൊലൂഷനില്‍ നിന്നാണ് വാങ്ങുന്നതെന്നും, ഇതിലെ പോരായ്മ വിലയിരുത്താന്‍ കമ്പനി ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.
ഈ അന്വേഷണ സംഘത്തിന്റെ പ്രാഥമിക പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഒലയുടെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. തീപിടിത്തമുണ്ടായത് ഒറ്റപ്പെട്ട സംഭവമാണ്. ഇത് താപനിലയിലുണ്ടായ മാറ്റത്തെ തുടര്ന്നായിരിക്കുമെന്നുമാണ് അന്വേഷണ സംഘം അഭിപ്രായപ്പെടുന്നത്. സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെന്നും അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനത്തിനില്ലെന്നുമാണ് എല്‍.ജി.ഇ.സ് പറയുന്നത്.
ഒലയ്ക്ക് പുറമെ, ഒഖനാവ, പ്യുവര്‍ ഇ.വി. എന്നീ കമ്പനികളുടെ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കാണ് തീപിടിത്തമുണ്ടായത്. ഒഖനാവയുടെ ഇലക്ട്രിക് സ്കൂട്ടറില്‍ തീ പടര്‍ന്നത് സെല്ലുകളിലെയും ബാറ്ററി മൊഡ്യൂളിന്റെ പോരായ്മയെ തുടര്‍ന്നാണാണ് വിലയിരുത്തല്‍. അതേസമയം, പ്യുവല്‍ ഇ.വിയുടേത് ബാറ്ററി കേസിങ്ങിലെ തകരാര്‍ മൂലമാണെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഏതാനും ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ച് വിളിച്ചിട്ടുണ്ട്.
2030-ഓടെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്ര വാഹനങ്ങളില്‍ 80 ശതമാനം ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളുമായിരിക്കണമെന്നാണ് ഇന്ത്യയുടെ ലക്ഷ്യം. രണ്ട് ശതമാനമാണ് മാത്രമാണ് ഇപ്പോഴുള്ള വില്‍പ്പന. ഇതിനിടെ ഇത്തരം വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഉയരുന്ന ആശങ്കകള്‍ ഉപയോക്താക്കളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും കാര്‍ബണ്‍ എമിഷന്‍ കുറഞ്ഞ വാഹനങ്ങള്‍ നിരത്തുകളിലെത്തിക്കുക എന്ന ലക്ഷ്യത്തെ പിന്നോട്ടടിക്കുമെന്നുമാണ് ആശങ്കകള്‍.
Source: Reuters
Content Highlights: Faulty battery cells and modules are likely caused e-scooter fire, Electric Scooters
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..