വീട്ടുമുറ്റത്തു ദാ, രണ്ടു ബുള്ളറ്റുകള്‍! ഒന്ന് കെ.എല്‍-55 എക്‌സ് 2224, മറ്റൊന്ന് കെ.എല്‍-55 വൈ 2224. ഒരേ നമ്പറുള്ള വാഹനങ്ങള്‍ കൗതുകമല്ലെങ്കിലും ഈ നമ്പര്‍ പ്രേമത്തിനു സല്യൂട്ട് കൊടുക്കുകതന്നെ വേണം. തിരൂര്‍ മുത്തൂരിലെ ടി.പി. ദാമോദരന്‍ എന്ന റിട്ട. എസ്.ഐ.യുടെ വീട്ടിലാണ് ഈ കാഴ്ച. ദാമോദരന്റെയും സിവില്‍ പോലീസ് ഓഫീസറായ മകന്‍ അനീഷിന്റെയുമാണ് ഈ ബുള്ളറ്റുകള്‍. ഇരുവരും മുടിഞ്ഞ ബുള്ളറ്റ് പ്രേമികളാണ്.

പോലീസുകാര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ നമ്പറുണ്ടാകും. 'ജനറല്‍ നമ്പര്‍' എന്ന ഈ സംഖ്യയിലാണു സേനയിലിവര്‍ അറിയപ്പെടുക. 2017-ല്‍ വളാഞ്ചേരി സ്റ്റേഷനില്‍നിന്നു എസ്.ഐ. ആയി വിരമിച്ച ദാമോദരന്റെ ജനറല്‍ നമ്പര്‍ ആയിരുന്നു 2224. പോലീസിലെ തന്റെ മേല്‍വിലാസമായ ആ നമ്പറിനോടു വല്ലാത്ത ഹൃദയബന്ധമുണ്ടായിരുന്നു ദാമോദരന്. അതുകൊണ്ടാണ് ഒരു ബുള്ളറ്റ് വാങ്ങിയപ്പോള്‍ ഫീസടച്ച് അതേനമ്പര്‍ തരപ്പെടുത്തിയത്.

'ആ നമ്പറിനോട് അച്ഛനുള്ള അതേ വൈകാരിക അടുപ്പം ഞങ്ങള്‍ക്കുമുണ്ട്'- എം.എസ്.പി.യില്‍ സിവില്‍ പോലീസ് ഓഫീസറായ അനീഷ് ദാമോദര്‍ പറഞ്ഞു. അച്ഛന്‍ ബുള്ളറ്റുവാങ്ങി അധികംവൈകാതെ അനീഷും ഒന്നു സ്വന്തമാക്കി. അപ്പോള്‍ അനിയന്‍ അഭിജിത്താണു പറഞ്ഞത്, 'ഏട്ടാ ഈ വണ്ടിക്കും അതേ നമ്പര്‍ മതീ'ന്ന്. ഹരിയാണയില്‍നിന്നു വാങ്ങിയ ബുള്ളറ്റിന് ഈ നമ്പര്‍ ഒത്തുവരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. 

വൈകിയതിനുള്ള ഫൈനും നമ്പറിനുള്ള ഫീസുമടച്ചാണ് അനീഷ് അച്ഛന്റെ നമ്പര്‍ സ്വന്തമാക്കിയത്. 2017-ലാണ് ദാമോദരന്‍ ബുള്ളറ്റ് വാങ്ങിയതെങ്കിലും നാലുപതിറ്റാണ്ടിനപ്പുറം നീളമുണ്ടു ബുള്ളറ്റ് പ്രണയത്തിന്. ബുള്ളറ്റുകള്‍ അപൂര്‍വമായിരുന്ന കാലത്ത് പോലീസിലെ ബുള്ളറ്റ് ഓടിച്ചുതുടങ്ങിയ ഇഷ്ടം. സ്‌കൂളില്‍ പഠിക്കുമ്പോള്‍മുതല്‍ അനീഷിനും ബുള്ളറ്റുകളോട് വലിയ ഇഷ്ടമാണ്.

സുഹൃത്തുക്കള്‍ക്കൊപ്പം ബുള്ളറ്റില്‍ ഒരുപാടു ദീര്‍ഘയാത്രകള്‍ചെയ്തു. 'കോവിഡ് നിയന്ത്രണങ്ങളെല്ലാം മാറിയശേഷം അച്ഛനൊപ്പം ബുള്ളറ്റില്‍ ഒരു നീണ്ടയാത്ര പോകണം' -അതാണ് അനീഷിന്റെ ആഗ്രഹം.

Content Highlights: Father And Son Select Same Number For Their Bullet