റവൂരിലെ മണ്ണുനിറഞ്ഞ ട്രാക്കില്‍ തുടങ്ങി ഹിമാലയന്‍ മടിത്തട്ടിലെ ദുര്‍ഘടമായ വഴികളിലൂടെ ബൈക്കോടിച്ച് ദേശീയതലത്തില്‍ അറിയപ്പെടുന്ന ഒരു പേരുണ്ട് - ഫസീല. ഓഫ്‌റോഡുകളെ പ്രണയിച്ച ഈ പെണ്‍കുട്ടി മത്സരങ്ങള്‍ എവിടെയുണ്ടെങ്കിലും അവിടെയുണ്ടാകും, റേസിങ് ട്രാക്കിലെ ഇടിമുഴക്കമായി. ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്സ് ക്ലബ്ബ്സ് ഓഫ് ഇന്ത്യയുടെ (എഫ്.എം.എസ്.സി.ഐ.) ഓഫ്‌റോഡ് ലൈസന്‍സുള്ള കേരളത്തിലെ ഏക വനിതയാണ് കൊച്ചിക്കാരിയായ ഈ മുപ്പത്തൊന്നുകാരി.

സ്വപ്നത്തിന് ചിറകു മുളയ്ക്കുന്നു

ചെറുപ്പം മുതലേ ബൈക്കുകളോട് വല്ലാത്തൊരു ഭ്രമമുണ്ടായിരുന്നു ഫസീലയ്ക്ക്. അതില്‍ ഏറെയൊന്നും മുന്നോട്ടുപോകാന്‍ ജീവിത സാഹചര്യം അനുവദിച്ചില്ല. അതിനാല്‍ 'ബൈക്ക് സ്റ്റണ്ടര്‍' എന്ന മോഹം സ്വപ്നത്തില്‍പ്പോലും കയറിക്കൂടിയില്ല. റോഡിലൂടെ നടന്നുപോകുമ്പോള്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഹാന്‍ഡിലിന്റെ സൗന്ദര്യമാണ് ഫസീലയെ ആകര്‍ഷിച്ചത്. പിന്നെ, ബൈക്ക് ഉടമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ്. ആളെ കണ്ടെത്തി വിവരങ്ങള്‍ മനസ്സിലാക്കിയ ശേഷം തന്റെ വാഹനവും മോഡിഫൈ ചെയ്യാന്‍ തീരുമാനിച്ചു. ബൈക്ക് രൂപമാറ്റം നടത്തിയത് കൊച്ചിയിലെ പ്രമുഖ റേസിങ് ടീമായ കോഗ റേസിങ്ങിന്റെ വര്‍ക്ഷോപ്പില്‍. അവിടെ നിന്നാണ് ഫസീലയുടെ മോഹങ്ങള്‍ ചിറകുവിരിച്ചത്. സുഹൃത്തായ രേഷ്മയാണ് ഈ മേഖലയിലേക്കുള്ള വരവിന് പ്രചോദനം.

കേരള ടു ഹിമാലയ

2016-ല്‍ പറവൂരില്‍ നടന്ന മത്സരത്തിലാണ് ആദ്യമായി പങ്കെടുക്കുന്നത്. കേരളത്തിലെ പ്രധാന മത്സരങ്ങളിലെല്ലാം കഴിവു തെളിയിച്ച ശേഷമാണ് ഫസീല ദേശീയതലത്തിലേക്ക് ബൈക്കോടിച്ചു കയറിയത്. വഡോദര, ഇന്ദോര്‍, പുണെ, നാസിക്, കോയമ്പത്തൂര്‍ അങ്ങനെ ഓഫ്‌റോഡ് മത്സരങ്ങള്‍ എവിടെയുണ്ടെങ്കിലും ഫസീല ഉണ്ടാകും. വെല്ലുവിളി നിറഞ്ഞ ട്രാക്കിലൂടെ ചീറിപ്പാഞ്ഞ് ഇപ്പോള്‍ സാധാരണ റോഡുകളോട് അത്ര താത്പര്യമില്ല.

2018-ല്‍ ഹിമാലയന്‍ മോട്ടോര്‍ സ്‌പോര്‍ട്സ് അസോസിയേഷന്‍ നടത്തിയ 'ക്രോസ് കണ്‍ട്രി' മത്സരമാണ് ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമെന്ന് ഫസീല പറയും. ലോകത്തിലെ തന്നെ ദുര്‍ഘടമായ റാലികളിലൊന്നാണ് ഹിമാലയന്‍ താഴ്വരയില്‍ അരങ്ങേറുന്നത്. നിരവധി വെല്ലുവിളികളും അപകടവും ഒളിഞ്ഞിരിക്കുന്ന വഴികള്‍. തണുപ്പ് അത്ര പിടിത്തമല്ലാത്ത ഫസീല മണാലിയിലെ കൊടുംതണുപ്പില്‍ ക്രോസ് കണ്‍ട്രി മത്സരത്തില്‍ പങ്കെടുത്ത് ചരിത്രം കുറിച്ചു. മൂന്നര ദിവസം കൊണ്ട് 2000 കിലോമീറ്ററാണ് ബൈക്കില്‍ താണ്ടിയത്.

കേരളം കടന്ന പേര്

ഇന്ത്യയിലെ തന്നെ പ്രമുഖ വനിതാ റൈഡര്‍മാര്‍ മാറ്റുരച്ച ദേശീയ റാലിയില്‍, ട്രാക്കില്‍ തീര്‍ത്തും ജൂനിയറായ പെണ്‍കുട്ടിക്ക് ആരും സാധ്യതകള്‍ വിദൂരത്തുപോലും കല്‍പ്പിച്ചിരുന്നില്ല എന്നതാണ് സത്യം. മത്സരം തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. വെറുതേ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കൂട്ടം വഡോദരയിലെ ട്രാക്കില്‍ വിസ്മയം തീര്‍ത്തു. ആദ്യ റൗണ്ടില്‍ ഫസീല മത്സരം അവസാനിപ്പിച്ചത് ഫസ്റ്റ് റണ്ണറപ്പായി. ബറോഡയില്‍ നിന്ന് ഇന്ദോറിലെത്തിയപ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. രണ്ടാം റൗണ്ടില്‍ അപകടം സംഭവിക്കുകയും ചെയ്തു. 

എന്നിട്ടും സെക്കന്‍ഡ് റണ്ണറപ്പായാണ് ഫിനിഷ് ചെയ്തത്. പിന്നീട് നടന്ന റൗണ്ടുകളില്‍ ഫസ്റ്റ് റണ്ണറപ്പും സെക്കന്‍ഡ് റണ്ണറപ്പുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ബെംഗളൂരുവില്‍ നടന്ന അവസാന റൗണ്ടില്‍ ബൈക്ക് പണിമുടക്കിയതിനാല്‍ ഫിനിഷ് ചെയ്യാനായില്ല. പക്ഷേ, ചാമ്പ്യന്‍ഷിപ്പ് പോയിന്റില്‍ രണ്ടാം സ്ഥാനം എന്ന മികച്ച നേട്ടത്തിലെത്താനായി. അമ്മയാണ് പരിമിതികള്‍ക്കിടയിലും റേസിങ്ങില്‍ നില്‍ക്കാന്‍ പിന്തുണ നല്‍കുന്നത്. സ്ത്രീകള്‍ക്ക് മാത്രമായി റേസിങ് ക്ലബ്ബ് തുടങ്ങണമെന്നതാണ് ഫസീലയുടെ സ്വപ്നം.

Content Highlights: Faseela, Kerala First Women Off-Road Licence Holder, Bike Stunt