പെട്രോളിനും ഡീസലിനും മുടിഞ്ഞവില. ലാഭം വൈദ്യുതവണ്ടിയാണെന്നതില്‍ സംശയമില്ല. കരിയും പുകയും ഉണ്ടാകില്ലെന്ന മെച്ചവുമുണ്ട്. പക്ഷേ, ലക്ഷങ്ങള്‍ കൊടുത്തു വാങ്ങിയ പെട്രോള്‍, ഡീസല്‍ വണ്ടികള്‍ എന്തുചെയ്യും? അവ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനുള്ള കണ്ടുപിടിത്തവുമായി ഒരുകൂട്ടം വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുന്നു.

കോട്ടയ്ക്കല്‍ മലബാര്‍ പോളിടെക്നിക് കോളേജിലെ മെക്കാനിക്കല്‍ വിദ്യാര്‍ഥികളാണ് പെട്രോള്‍, ഡീസല്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി. എന്‍ജിനെ ബാറ്ററികളുടെ സഹായത്തോടെ വൈദ്യുത എന്‍ജിനാക്കിമാറ്റുന്ന വിദ്യ കണ്ടെത്തിയത്. അവസാന വര്‍ഷ പ്രോജെക്ടിന്റെ ഭാഗമായി പതിമൂന്നു വിദ്യാര്‍ഥികളുടെ സംഘമാണ് ഈ കണ്ടെത്തലിനു പിന്നില്‍.

പഴയ സി.ടി-100 ബൈക്ക് എന്‍ജിനിന്റെ സിലിന്‍ഡര്‍ ഹെഡില്‍, വൈദ്യുതി സ്വീകരിച്ച് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ് പ്രധാനമായും ചെയ്തതെന്ന് സ്റ്റുഡന്റ്സ് പ്രോജെക്ട് കോ-ഓര്‍ഡിനേറ്റര്‍ അസ്‌കര്‍ അലി പറഞ്ഞു. ഇലക്ട്രോ-മാഗ്‌നറ്റിക് സിസ്റ്റത്തിന്റെ സഹായത്തോടെയാണിത് ചെയ്തത്. 

സാധാരണ ഇലക്ട്രിക് വാഹനങ്ങള്‍ മോട്ടോര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ രീതിയില്‍ തരംമാറ്റുന്ന വാഹനങ്ങളില്‍ അവയുടെ നിലവിലെ എന്‍ജിന്‍തന്നെ വൈദ്യുതോര്‍ജംകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലേക്ക് മാറ്റുകയാണ്. ഇവ ചാര്‍ജ് ചെയ്യാനുള്ള ബാറ്ററിയും ഘടിപ്പിക്കും.

ഇരുചക്രവാഹനത്തിന്റെ എന്‍ജിനാണ് ഇപ്പോള്‍ മാറ്റിയതെങ്കിലും മുച്ചക്ര, നാലുചക്രവാഹനങ്ങളുടെ എന്‍ജിനുകളും ഇതുപോലെ മാറ്റാനാകുമെന്നു കോളേജിലെ മെക്കാനിക്കല്‍ വിഭാഗം മേധാവി കെ. അബ്ദുള്‍ജലീല്‍ പറഞ്ഞു. 50,000 രൂപയാണ് ഈ പ്രൊജെക്ടിനു ചെലവായത്. ഈ കണ്ടെത്തലിന് പേറ്റന്റിന് ഉടനെ അപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകരായ എന്‍. അഭിജിത്ത്, സി. മുഹമ്മദ് മുബഷീര്‍ എന്നിവരും ജലീലിനൊപ്പം ഇതിന് മേല്‍നോട്ടംവഹിച്ചു. അസ്‌കര്‍ അലി, അഷിയാം, സാദിഖ്, അഖില്‍, അര്‍ജുന്‍, സന്ദീപ്, എം.കെ. സുഹൈല്‍, സുഹൈര്‍ ഇര്‍ഫാന്‍, വിനയന്‍, ടി.എസ്. രാഹുല്‍, ഇ.ആര്‍. രാഹുല്‍ ഇര്‍ഫാന്‍, മിഥുന്‍ എന്നീ വിദ്യാര്‍ഥികളാണ് കണ്ടെത്തലിന് പിന്നില്‍.

Content Highlights: Engineering Students Converts Petrol Engine Into Electric Vehicle Engine