നിങ്ങളുടെ കൈവശം 15 വര്‍ഷം പഴക്കമുള്ള ബൈക്കുണ്ടോ..? ഉണ്ടെങ്കില്‍ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്കതിനെ ഇലക്ട്രിക്ക് ബൈക്ക് ആക്കി മാറ്റാം. കുറ്റിപ്പുറം എം.ഇ.എസ്. എന്‍ജി. കോളേജിലെ മെക്കാനിക്കല്‍ വിദ്യാര്‍ഥികളാണ് പുതിയ ആശയത്തിനു പിന്നില്‍.

15 വര്‍ഷം കഴിഞ്ഞ ബൈക്കുകള്‍ തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ റീറജിസ്ട്രേഷന്‍ നടത്തേണ്ടതുണ്ട്. കാലപ്പഴക്കത്താല്‍ നശിച്ചുതുടങ്ങിയ ബൈക്കുകള്‍ വീണ്ടും രജിസ്റ്റര്‍ചെയ്ത് ഉപയോഗിക്കുന്നതിനുപകരം അവ ഇലക്ട്രിക് ബൈക്കുകളാക്കി രൂപമാറ്റം വരുത്തുന്ന വിദ്യയാണ് വിദ്യാര്‍ഥികള്‍ കണ്ടുപിടിച്ചിരിക്കുന്നത്.

അവസാനവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ ആദില്‍ അലി, സി.പി. ആദില്‍, അഥിന്‍ ഗോപുജ്, കെ.എം. അഫ്സല്‍ മുഹമ്മദ് എന്നിവരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. മെക്കാനിക്കല്‍ മേധാവി ഡോ. ഐ. റഹുമ്മത്തുന്‍സ, എം.ജി. പ്രിന്‍സ്, അലി, ബേബി, ഇലക്ട്രിക്കല്‍ വിഭാഗം അധ്യാപകനായ ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് ബൈക്ക് രൂപമാറ്റം വരുത്തിയത്.

ഇങ്ങനെ പരിഷ്‌കരിക്കുന്നതിലൂടെ വാഹനം ദീര്‍ഘകാലം ഉപയോഗിക്കാനാവും. വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന മലിനീകരണവും ഇതുവഴി വലിയതോതില്‍ കുറയ്ക്കാനാവും. നിലവില്‍ മാര്‍ക്കറ്റില്‍ 60,000 രൂപ മുതലാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില. 

15,000 രൂപ മുടക്കിയാല്‍ ബൈക്കിനെ ഇലക്ട്രിക് പതിപ്പിലേക്ക് മാറ്റാനാകുമെന്നാണ് പ്രത്യേകത. വീട്ടില്‍ത്തന്നെ ചാര്‍ജ് ചെയ്യാന്‍ പറ്റുന്നവയാണ് ഇവ. ഏഴ് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്ററോളം സഞ്ചരിക്കാന്‍ പറ്റും.

Content Highlights: Engineering Students Converts Petrol Bike In To Electric Powered Bike