ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ബൈക്ക് സ്റ്റാര്‍ട്ടപ്പാണ് എംഫ്‌ളക്‌സ് മോട്ടോഴ്‌സ്. വണ്‍ എന്ന പേരിലുള്ള ആദ്യ ഫുള്ളി ഫെയേര്‍ഡ് ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ എംഫ്‌ളക്‌സ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ പ്രൊഡക്ഷന്‍ മോഡലിന്റെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടുമൊരു ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എംഫ്‌ളക്‌സ്. ടൂ എന്ന പേരിലാണ് രണ്ടാമത്തെ മോഡല്‍ വരുന്നത്. ഇതിന്റെ ആദ്യ ടീസറും കമ്പനി പുറത്തുവിട്ടു. 

ഇലക്ട്രിക് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലാണ് ടൂ. ബേസ് വേരിയന്റ് ടൂ, ടോപ് വേരിയന്റ് ടൂ പ്ലസ് എന്നീ രണ്ട് പതിപ്പുകള്‍ ഇതിനുണ്ട്. ടൂ മോഡലിനെക്കാള്‍ കൂടുതല്‍ കരുത്തും ഉയര്‍ന്ന ബാറ്ററി കപ്പാസിറ്റിയുമുള്ള മോഡലാണ് ടൂ പ്ലസ്. ടീസര്‍ ചിത്രം പ്രകാരം അഗ്രസീവ് രൂപമാണ് വാഹനത്തിനുള്ളത്. വലിയ ടയര്‍, വ്യത്യസ്തമായ ഹെഡ്‌ലൈറ്റ് യൂണിറ്റ്, ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, സ്‌പോര്‍ട്ടി ഡിസൈന്‍ എന്നിവയെല്ലാം ദൃശ്യമാക്കുന്നതാണ് ആദ്യ ടീസര്‍ ചിത്രം. വണ്‍ മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും ടൂ മോഡലിന്റെയും നിര്‍മാണം. 

ഒറ്റചാര്‍ജില്‍ 160 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ടൂ മോഡലിന് സാധിക്കും. ടൂ പ്ലസില്‍ 200 കിലോമീറ്ററും. മണിക്കൂറില്‍ ടൂവില്‍ 160 കിലോമീറ്ററാണ് പരമാവധി വേഗത. ടൂ പ്ലസില്‍ 180 കിലോമീറ്ററും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താന്‍ ടൂവിന് 4.5 സെക്കന്‍ഡ് വേണം. അതേസമയം ടൂ പ്ലസ് 3.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കും.

Emflux One
emflux one

പുതിയ മോഡല്‍ എപ്പോള്‍ പുറത്തിറങ്ങുമെന്നത് സംബന്ധിച്ച സൂചനയൊന്നും എംഫ്‌ളക്‌സ് നല്‍കിയിട്ടില്ല. ആദ്യ മോഡലായ വണിന്റെ നിര്‍മാണം അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷമായിരിക്കും എംഫ്‌ളക്‌സ് ടൂ പുറത്തിറങ്ങുക. വിപണിയിലെത്തുമ്പോള്‍ ആറ് ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന എംഫ്‌ളക്‌സ് വണിനെക്കാള്‍ വില കുറഞ്ഞ മോഡലായിരിക്കും ടൂ എന്ന സൂചനയും കമ്പനി അധികൃതര്‍ നല്‍കിയിട്ടുണ്ട്.

Content Highlights; emflux two electric bike first teaser, emflux two and two plus coming soon, emflux electric bikes, emflux one and two coming soon