ക്ലാസിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കാന്‍ ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോയെക്കാള്‍ ഡിസൈന്‍ മികവ് പുലര്‍ത്തുന്ന കമ്പനികള്‍ വളരെ ചുരുക്കമാണ്. മലിനീകരണ തോത് കുറയ്ക്കാന്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങളോട് പതിയെ വിടപറഞ്ഞ് മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക്കിലേക്ക് ചുവടുമാറ്റുകയാണ്. ഈ സാഹചര്യത്തില്‍ ക്ലാസിക് വെസ്പയും ഇലക്ട്രിക് കരുത്തിലെത്തുകയാണ്. ഇതിന് മുന്നോടിയായി ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ 'വെസ്പ ഇലക്ട്രിക്ക' പിയാജിയോ അവതരിപ്പിച്ചു.

പരമ്പരാഗത രൂപത്തില്‍ മോഡണ്‍ ഫീച്ചേഴ്‌സ് ഉള്‍ക്കൊണ്ടാണ് ഇലക്ട്രിക് വെസ്പയുടെ എന്‍ട്രി. അടുത്ത വര്‍ഷത്തോടെ ഈ മോഡല്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 50 സിസി എന്‍ട്രി ലെവല്‍ ഇന്ധന സ്‌കൂട്ടകളോട് കിടപിടിക്കുന്ന പെര്‍ഫോമെന്‍സ് ഇലക്ട്രിക്ക നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സ്റ്റാന്റേഡ് പതിപ്പില്‍ ഒറ്റചാര്‍ജില്‍ 100 കിലോമീറ്ററും X വേരിയന്റില്‍ 200 കിലോമീറ്റര്‍ ദൂരവും പിന്നിടാന്‍ സാധിക്കും. പരമാവധി നാലു കിലോവാട്ട് കരുത്ത് നല്‍ക്കുന്ന ബാറ്ററി പായ്ക്കാവും വാഹനത്തില്‍ ഉള്‍പ്പെടുത്തുക.

നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. 50000 മുതല്‍ 70000 കിലോമീറ്റര്‍ ദൂരം വരെ ബാറ്ററി മികവ് പുലര്‍ത്തും. സ്മാര്‍ട്ട് ഫോണ്‍ കണക്റ്റിവിറ്റിയുള്ള 4.3 ഇഞ്ച് മള്‍ട്ടിമീഡിയ സിസ്റ്റവും ഇലക്ട്രിക്കയില്‍ കമ്പനി ഉള്‍പ്പെടുത്തും. ഇലക്ട്രിക്കയുടെ സില്‍വര്‍ ഐവറി നിറത്തിലുള്ള കോണ്‍സെപ്റ്റ് മോഡലാണ് മിലാനില്‍ പ്രദര്‍ശിപ്പിച്ചത്. വില സംബന്ധിച്ച കാര്യങ്ങളൊന്നും പിയാജിയോ വ്യക്തമാക്കിയിട്ടില്ല. ഗ്ലോബല്‍ ലോഞ്ചിങ് ശേഷം അധികം വൈകാതെ വെസ്പ ഇലക്ട്രിക്കയെ കമ്പനി ഇന്ത്യയിലെത്തിക്കാനും സാധ്യതയുണ്ട്.

Content Highlights: Vespa Electric Scooter, Electric Vespa, Vespa Elettrica, Piaggio Electric Vespa, Electric Scootes