ന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനും ഉപയോഗത്തിനും വലിയ പ്രോത്സാഹനമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമെ, വാഹന ഉടമകള്‍ക്ക് സബ്‌സിഡിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണനിയന്ത്രണം കൂടാതെ ഇന്ധന ഇറക്കുമതി കുറയ്ക്കാനും ഇ-വാഹനങ്ങള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് പൂർണമായും വൈദ്യുത ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കാൻ സാധിച്ചാൽ എണ്ണയിറക്കുമതിയിൽ വർഷംതോറും 1.2 ലക്ഷം കോടി രൂപ ലാഭിക്കാമെന്നാണ് നീതി ആയോഗിന്റെ നിരീക്ഷണം. ‘സീറോ എമിഷൻ വെഹിക്കിൾ: ടുവേർഡ്‌സ് എ പോളിസി ഫ്രെയിംവർക്ക്’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയിൽ 17 കോടിയിലധികം ഇരുചക്രവാഹനങ്ങളാണുള്ളത്. അവയിൽ ഒരു വാഹനം വർഷംതോറും ശരാശരി 200 ലിറ്റർ പെട്രോളെങ്കിലും ഉപയോഗിക്കുന്നു. ലിറ്ററിന് 70 രൂപയെന്ന് കണക്കാക്കിയാൽ പോലും എല്ലാ വാഹനങ്ങൾക്കും കൂടി വർഷംതോറും 2.4 ലക്ഷം കോടി രൂപയുടെ പെട്രോൾ ആവശ്യമുണ്ട്. അസംസ്കൃത എണ്ണയുടെ ഇറക്കുമതിക്കായി ഇതിന്റെ പകുതി തുകയാണ് ചെലവാക്കുന്നത്- റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

അടുത്ത അഞ്ച് മുതൽ ഏഴു വർഷം വരെയുള്ള കാലയളവിൽ പൂർണമായും വൈദ്യുത ഇരുചക്രവാഹനങ്ങളിലേക്ക് മാറാൻ ഇന്ത്യയ്ക്ക് സാധിക്കും. എന്നാൽ, അതിനായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ സർക്കാർ രൂപവത്കരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.