രിസ്ഥിതി സൗഹാര്‍ദവും ചെലവ് കുറഞ്ഞതുമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ന് നമ്മുടെ നിരത്തുകളിലെ തരംഗമാണ്. ഈ രണ്ട് സവിശേഷതകള്‍ക്ക് പുറമെ, ഉപയോക്താക്കളെ കൂടുതല്‍ ഈ വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുന്ന ഘടമാണ് ഇവയ്ക്ക് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയവ ആവശ്യമില്ല എന്നുള്ളത്. എന്നാല്‍, ഇത് പൂര്‍ണമായും ശരിയല്ലെന്നാണ് കേരളാ പോലീസും മോട്ടോര്‍ വാഹന വകുപ്പും പറയുന്നത്. 

മണിക്കൂറില്‍ 25 കിലോമീറ്റര്‍ വരെ പരമാവധി വേഗത ലഭിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് രജിസ്‌ട്രേഷന്‍, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവയ്ക്ക് ഇളവ് നല്‍കിയിട്ടുള്ളത്. മോട്ടോര്‍ വാഹനം എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരാത്ത ബാറ്ററി ഓപ്പറേറ്റഡ് വാഹനങ്ങളാണ് രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്തവ. ഈ വാഹനങ്ങള്‍ സെന്റര്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 126-ല്‍ പറയുന്ന ഏജന്‍സികളില്‍ പരിശോധിപ്പിച്ച് അനുമതി നേടണം. 

രജിസ്‌ട്രേഷന്‍ ഇല്ലാതെ ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങളില്‍ അംഗീകൃത ഏജന്‍സികളില്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയതിന്റെ സര്‍ട്ടിഫിറ്റക്ക് രജിസ്‌ട്രേഷന്‍ രേഖകള്‍ക്ക് പകരം കരുതണം. ശരാശരി 30 മിനിറ്റ് പവര്‍, 250 വാട്ടില്‍ കുറവുള്ള മോട്ടോര്‍ ഘടിപ്പിച്ചവ, ബാറ്ററി ഉള്‍പ്പെടാതെ വാഹനത്തിന്റെ ഭാഗം 60 കിലോഗ്രാമില്‍ കുറവുള്ളവയുമാണ് രജിസ്‌ട്രേഷന്റെയും മറ്റും പരിധിയില്‍ വരാത്തത്. 

ഇലക്ട്രിക് വാഹനം വാങ്ങുമ്പോള്‍ വാഹനത്തിന്റെ വേഗത പരിശോധിച്ച് നോക്കാന്‍ കഴിയും. ഇതുവഴി 25 കിലോമീറ്ററില്‍ അധികം വേഗത ലഭിക്കുന്നുണ്ടെങ്കില്‍ അവ മോട്ടോര്‍ വാഹനമായി കണക്കാക്കിയേക്കും. വാഹനത്തിന് എടുക്കാന്‍ കഴിയുന്ന വേഗതയും ബാറ്ററി ഇല്ലാതെയുള്ള ഭാരവുമാണ് രജിസ്‌ട്രേഷന്‍ ആവശ്യമുള്ളതാണോയെന്ന് തിരിച്ചറിയാനുള്ള മാര്‍ഗം. മോട്ടോറിന്റെ പവര്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. 

ഇലക്ട്രിക് ഇരുചക്ര വാഹനത്തിന് 25 കിലോമീറ്ററില്‍ കൂടുതല്‍ വേഗത ലഭിക്കുകയും ഭാരം നിര്‍ദേശിച്ചിട്ടുള്ളതില്‍ അധികം ഉണ്ടെങ്കിലും സാധാരണ വാഹനങ്ങള്‍ക്ക് വേണ്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കുകയും ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവ നേടുകയും വേണം. ഇതിനൊപ്പം ഏത് വിഭാഗത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടറായാലും ഇരുചക്ര വാഹനങ്ങളില്‍ പാലിക്കേണ്ട സുരക്ഷ നിര്‍ദേശങ്ങള്‍ അനുസരിക്കണം.

Content Highlights; Electric Scooter, Licence And Registration For Electric Scooter, MVD Kerala, Kerala Police