സ്കൂട്ടർ ചാർജിങ്ങിനായി അഞ്ചാം നിലയിൽ എത്തിച്ചപ്പോൾ | Photo: Linkedin|Vish Ganti
ഇന്ത്യയുടെ വാഹന ലോകം ഇലക്ട്രിക് യുഗത്തിലേക്ക് മാറാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കാറുകളും സ്കൂട്ടറുകളുമായി നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്. വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുമ്പോഴും ചാര്‍ജിങ്ങ് സംവിധാനങ്ങളില്‍ സമാനമായ വര്‍ധനവുണ്ടാകാത്തത് ആശങ്കയുളവാക്കുന്നതാണ്. ഫ്ളാറ്റില്‍ ചാര്‍ജിങ്ങ് സംവിധാനം ഒരുക്കാത്തതിനെ തുടര്‍ന്നുള്ള ഒരു യുവാവിന്റെ പ്രതിഷേധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
ബെംഗളൂരു സ്വദേശിയായ വിഷ് ഗണ്ടി എന്നയാളാണ് ചാര്‍ജിങ്ങ് സംവിധാനം ഒരുക്കാത്തതില്‍ വേറിട്ട പ്രതിഷേധം നടത്തിയിട്ടുള്ളത്. താന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് സ്കൂട്ടര്‍ അഞ്ചാം നിലയിലെ തന്റെ ഫ്ളാറ്റിന്റെ അടുക്കളയില്‍ എത്തിച്ച് ചാര്‍ജ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് വിഷ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. വാഹനം ചാര്‍ജ് ചെയ്യുന്നതില്‍ തനിക്കുണ്ടായ ദുരനുഭവം എന്ന നിലയിലാണ് ഈ ഇലക്ട്രിക് സ്കൂട്ടര്‍ ഉപയോക്താവ് തന്റെ അനുഭവം പങ്കുവയ്ക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ തലസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന ബെംഗളൂരുവിലാണ് ഈ സംഭവം. ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിന് ഫ്ളാറ്റിലെ പാര്‍ക്കിങ്ങില്‍ ചാര്‍ജിങ്ങ് സംവിധാനം ഒരുക്കണമെന്ന് വിഷ് ഫ്ളാറ്റുമായി ബന്ധപ്പെട്ട ആളുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇവര്‍ ഇതിന് തയാറാകാതെ വന്നതോടെയാണ് അദ്ദേഹം വാഹനം സ്വന്തം അടുക്കളയില്‍ എത്തിച്ചത്. കഴിഞ്ഞ നാല് മാസമായി ചാര്‍ജിങ്ങ് പോയന്റ് ആവശ്യപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
തന്റെ ആവശ്യം ഒരുതരത്തിലും പരിഗണിക്കപ്പെടാതെ വന്നതോടെയാണ് വിഷ് വാഹനം സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സ്കൂട്ടര്‍ ലിഫ്റ്റില്‍ കയറ്റി അഞ്ചാം നിലയില്‍ എത്തിക്കുകയും അവിടെ നിന്ന് സ്വന്തം അടുക്കളയിലെത്തി ചാര്‍ജ് ചെയ്യുകയുമായിരുന്നു. എന്നാല്‍, വിഷിന് സ്വന്തമായി പാര്‍ക്കിങ്ങ് പ്ലെയ്സ് ഇല്ലാത്തതിനാലാണ് ചാര്‍ജിങ്ങ് പോയന്റ് ഒരുക്കാത്തതെന്നാണ് ഫ്ളാറ്റിന്റെ അധികാരികള്‍ പറയുന്നത്.
Source: Times Of India
Content Highlights: Electric Scooter, Electric Charging, Parking Place, Bangalore
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..