ന്ത്യന്‍ നിരത്തുകള്‍ക്കായി ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന ആശയവുമായി രണ്ട് ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളും ഒരു ഇലക്ട്രിക് സ്‌കൂട്ടറും നിര്‍മിച്ചിരിക്കുകയാണ് മുംബൈ ആസ്ഥാനമായ എര്‍ത്ത് എനര്‍ജി എന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍. ഇവോള്‍വ്-ആര്‍, ഇവോള്‍വ്-എക്‌സ് എന്നീ മോട്ടോര്‍ സൈക്കിളുകളും ഗ്ലെയ്ഡ് പ്ലസ് എന്ന സ്‌കൂട്ടറുമാണ് ഇവര്‍ ഒരുക്കിയിട്ടുള്ളത്. 

96 ശതമാനവും ഇന്ത്യയില്‍ നിര്‍മിതമായി നിരത്തുകളില്‍ എത്തുന്ന എര്‍ത്ത് എനര്‍ജിയുടെ ബൈക്കുകള്‍ക്ക് 1.30 ലക്ഷം രൂപ മുതല്‍ 1.42 ലക്ഷം രൂപ വരെയും ഇലക്ട്രിക് സ്‌കൂട്ടറിന് 92,000 രൂപയുമാണ് മുംബൈയിലെ എക്‌സ്‌ഷോറും വില. ഇലക്ട്രിക് വാഹന നിര്‍മാണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും എര്‍ത്ത് എനര്‍ജി അലോചിക്കുന്നുണ്ട്.

ന്യൂജനറേഷന്‍ ഡിസൈന്‍ ശൈലിയിലാണ് ഗ്ലെയ്ഡ് പ്ലസ് ഒരുങ്ങിയിട്ടുള്ളത്. 26 എന്‍.എം.ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 2.4Kw ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ റേഞ്ചാണ് ഈ സ്‌കൂട്ടറിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 60 കിലോമീറ്ററാണ് പരമാവധി വേഗത. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

56 എന്‍.എം.ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 5.2Kw ഇലക്ട്രിക്ക് മോട്ടോറാണ് ഇവോള്‍വ്-എക്‌സ് മോട്ടോര്‍ സൈക്കിളിന്റെ കരുത്ത്. 100 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഈ ബൈക്കിന്റെ പരമാവധി വേഗത 95 കിലോമീറ്ററാണ്. ഇതിലെ 96Ah ലിഥിയം അയേണ്‍ ബാറ്ററി 2.5 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

സ്ട്രീറ്റ് ഫൈറ്റര്‍ മോഡലായാണ് ഇവോള്‍വ്-ആര്‍. 54 എന്‍.എം.ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 12.5Kw ബാറ്ററിയാണ് ഈ ബൈക്കിന് കരുത്തേകുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റാണ് പരമാവധി വേഗത. 115 Ah ബാറ്ററി നല്‍കിയിട്ടുള്ള ഈ ബൈക്ക് ഒറ്റത്തവണ ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നത്. ചാര്‍ജിങ്ങ് മറ്റ് മോഡലുകള്‍ക്ക് സമമാണ്.

ന്യൂജനറേഷന്‍ വാഹനങ്ങളുടെ ഫീച്ചറുകള്‍ ഈ മൂന്ന് മോഡലിലേയും ഹൈലൈറ്റാണ്. കണക്ടഡ് ടു വീലറുകളായാണ് ഇത് എത്തിയിട്ടുള്ളത്.  എര്‍ത്തിന്റെ സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ കണക്ട് ചെയ്യുന്ന എല്‍.ഇ.ഡി.ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.  നാവിഗേഷന്‍, കോള്‍/ മെസേജ്, ട്രിപ്പ് ഹിസ്റ്ററി തുടങ്ങിയവ ഇതില്‍ ലഭ്യമാകും.

Content Highlights: Earth Energy Company Introduce Three Electric Two Wheeler In India