ഒല ഇലക്ട്രിക് സ്കൂട്ടർ | Photo: Ola Electric
ഇരുചക്ര വൈദ്യുതവാഹനങ്ങളില്‍ നിലവാരംകുറഞ്ഞ ബാറ്ററികള്‍ ഉപയോഗിക്കുന്നത് തീപ്പിടിത്തത്തിന് കാരണമാകുന്നതായി കണ്ടെത്തല്‍. ഈയിടെ തുടര്‍ച്ചയായുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് വിഷയം പഠിക്കാന്‍ ഗതാഗതമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതിയുടേതാണ് ഈ നിഗമനം. സമിതി കഴിഞ്ഞദിവസം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതവാഹനനിര്മാതാക്കളായ ഒല ഇലക്ട്രിക്, ഒകിനാവ, പ്യുര്‍ ഇ.വി., ജിതേന്ദ്ര ഇ.വി., ബൂം മോട്ടോഴ്സ് എന്നീ കമ്പനികള്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയ കേന്ദ്രം, അതിന്മേല് വിശദീകരണം നല്കാന് ആവശ്യപ്പെട്ടു.
വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ബാറ്ററികളുടെ ഗുണമേന്മക്കുറവിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് വിവരം. നിലവാരംകുറഞ്ഞ ബാറ്ററി സെല്ലുകള്‍ ഉപയോഗിക്കുന്നതിനുപുറമേ, ഫ്യൂസ്, താപനിയന്ത്രണസംവിധാനം എന്നിവയില്ലാത്തതും ബാറ്ററി മാനേജ്മെന്റ് സംവിധാനത്തിന്റെ ഗുണമേന്മക്കുറവും തീപ്പിടിത്തത്തിന് കാരണമാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍മാണച്ചെലവ് കുറയ്ക്കാനാണ് വാഹനനിര്‍മാതാക്കള്‍ നിലവാരംകുറഞ്ഞ ബാറ്ററികള്‍ ഉപയോഗിക്കുന്നത്. ഈ വാഹനങ്ങള്‍ മതിയായ പരിശോധനകളില്ലാതെയാണ് വിപണിയിലേക്കിറങ്ങുന്നത്. കമ്പനികളെ നിയന്ത്രിക്കേണ്ട ഏജന്‍സികളായ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ (എ.ആര്.എ.ഐ.), ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജി (ഐ.സി.എ.ടി.) എന്നിവയുടെ ഭാഗത്തുനിന്ന് പരിശോധന നടത്തുന്നതില്‍ അലംഭാവമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാറ്ററിയുടെ പുറംചട്ടയുടെയും ഘടകങ്ങളുടെയും രൂപകല്പനയിലെ പോരായ്മകള്‍, വിലകുറയ്ക്കാനായി നിലവാരംകുറഞ്ഞ വസ്തുക്കളുടെ ഉപയോഗം, ബാറ്ററി സെല്ലിന്റെ ഗുണനിലവാരക്കുറവ്, വ്യത്യസ്ത താപനിലകളില്‍ വേണ്ടത്ര പരീക്ഷണങ്ങളും പരിശോധനകളും നടക്കാത്തത് തുടങ്ങിയവയെല്ലാം തീപ്പിടിത്തത്തിനു കാരണമാകുന്നതായി കേന്ദ്ര പ്രതിരോധ ഗവേഷണ വികസനകേന്ദ്രം (ഡി.ആര്.ഡി.ഒ.) ഗതാഗതമന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രശ്നപരിഹാരത്തിന് വൈദ്യുതവാഹന നിര്മാതാക്കള്ക്കുള്ള നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഡി.ആര്.ഡി.ഒ. ശുപാര്‍ശചെയ്തിട്ടുണ്ട്. ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഡി.ആര്.ഡി.ഒ.യുടെ സയന്‍സ്-എന്‍ജിനിയറിങ് വിഭാഗമായ സെന്റര്‍ ഫോര്‍ ഫയര്‍, എക്സ്പ്ലോസീവ്, എന്‍വയണ്‍മെന്റ് സേഫ്റ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനുവരിമുതല്‍ വൈദ്യുതവാഹന നിര്‍മാതാക്കള്‍ക്ക് എ.ഐ.എസ്.-156 സുരക്ഷാമാനദണ്ഡം നടപ്പാക്കാനിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..