ചീമേനി തുറന്ന ജയിലില്‍ പുതുതായി മൂന്ന് പദ്ധതികള്‍ക്കുകൂടി തുടക്കമായി. കേക്ക് നിര്‍മാണ യൂണിറ്റ്, ഇരുചക്രവാഹന വര്‍ക്ക്‌ഷോപ്പ്, സ്റ്റുഡിയോ എന്നിവയുടെ ഉദ്ഘാടനം ജയില്‍ ഡി.ജി.പി. ഋഷിരാജ് സിംഗ് നിര്‍വഹിച്ചു. വരുംദിവസങ്ങളില്‍ ജയില്‍വിഭവങ്ങള്‍ക്കൊപ്പം മീനും കേക്കും ജയിലില്‍നിന്ന് ലഭിക്കും. 

വിവിധ യൂണിറ്റുകളിലായി തടവുകാര്‍ക്ക്പ പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ജയില്‍ കവാടത്തിലെ കഫ്‌റ്റേരിയക്ക് സമീപത്താണ് ഇരുചക്രവാഹന വര്‍ക്ക്‌ഷോപ്പ്. ഇതിന് ആവശ്യമായ ആധുനിക സജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഇരുപത് തടവുകാര്‍ക്കാണ് പരിശീലനം നല്‍കിയത്. അതില്‍ മികച്ച അഞ്ചുപേര്‍ ഇവിടെ ജോലിയെടുക്കും.

ജയില്‍ ബ്യൂട്ടി പാര്‍ലറില്‍ സ്റ്റുഡിയോ തുറന്നു. തടവുകാര്‍ക്ക് ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. ആധുനിക ക്യാമറകളും കളര്‍ ലാബുംസജ്ജീകരിച്ചിട്ടുണ്ട്. 

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്. കൂടാതെ വര്‍ക്ക്‌ഷോപ്പിന് വേണ്ടുന്ന ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്. തുറന്നജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ അധ്യക്ഷനായിരുന്നു. വി.ജയകുമാര്‍, എന്‍.ഷില്‍ജി, പി.വി.സജീഷ്, ഇ.വി.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

Content Highlights: Department Starts Two Wheeler Workshop In Open Jail