കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുറ്റ പിന്തുണയുമായി ടിവിഎസ് മോട്ടോര്‍ കമ്പനിയും സുന്ദരം ക്ലേടോണ്‍ ലിമിറ്റഡും. രാജ്യത്താകമാനമുള്ള ആരോഗ്യ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ കരുത്തേകാന്‍ 30 കോടി രൂപയുടെ ധനസഹായമാണ് ഈ രണ്ട് കമ്പനികളും പ്രഖ്യാപിച്ചിരിക്കുന്നത്. 

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെയും സുന്ദരം ക്ലേടോണ്‍ ലിമിറ്റഡിന്റെ സാമൂഹിക സേവന വിഭാഗമായ ശ്രീനിവാസന്‍ സര്‍വീസ് ട്രസ്റ്റാണ് പണം അനുവദിച്ചിരിക്കുന്നത്. ജീവന്‍രക്ഷാ ഉപകരണങ്ങള്‍, മാസ്‌കുകള്‍, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും നിയമപാലനം നടത്തുന്നവര്‍ക്കുമുള്ള ഭക്ഷണം എന്നീ ആവശ്യങ്ങള്‍ക്കാണ് പണം നല്‍കുന്നത്. 

സമാനതകളില്ലാത്ത പ്രതിസന്ധിയെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം. സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും നിയമപാലനത്തിനും ഓരോ പൗരന്റെയും പിന്തുണ ഉറപ്പാക്കണമെന്ന് ടിവിഎസ് കമ്പനി ചെയര്‍മാന്‍ വേണു ശ്രനിവാസന്‍ അഭിപ്രായപ്പെട്ടു.

ധനസഹായത്തിന് പുറമെ, തമിഴ്‌നാട്ടിലെ ഹൊസൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍, കൃഷ്ണഗിരി, മൈസൂരു എന്നിവടങ്ങളില്‍ അണിനാശിനി തളിക്കുന്നതിനായി 10 ട്രാക്ടറുകള്‍ ടിവിഎസ് വിട്ടുനല്‍കിയിരുന്നു. ഇതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ടിവിഎസിന്റെ മേല്‍നോട്ടത്തില്‍ 10 ലക്ഷം മാസ്‌കുകളും നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.

Content Highlights: Covid-19; TVS And Sundaram-Clayton Donates 30 Crore Rupees