പ്രതീകാത്മക ചിത്രം
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം തീര്‍ക്കാനുറച്ചാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടര്‍ എത്തുന്നത്. ബുക്കിങ്ങിലും മറ്റും ലഭിച്ച പ്രതികരണത്തില്‍ നിന്ന് ഈ വാഹനം ജനങ്ങള്‍ ഏറ്റെടുക്കുമെന്നും ഉറപ്പായി കഴിഞ്ഞു. ഫീച്ചറുകള്‍ ഒരോന്നായി വെളിപ്പെടുത്തി വാഹന പ്രേമികളെ ആവേശത്തിലാക്കുന്ന ഒല ഒടുവില്‍ സ്കൂട്ടറുകളുടെ നിറങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്.
ആകര്‍ഷകമായ 10 നിറങ്ങളിലാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ എത്തുകയെന്നാണ് വിവരം. മൂന്ന് പാസ്ടെല്‍, മൂന്ന് മെറ്റാലിക്, മൂന്ന് മാറ്റ് ഫിനീഷിങ്ങിലുള്ളതുമായാണ് 10 നിറങ്ങള്‍ നല്‍കുക. റെഡ്, ബ്ലൂ, യെല്ലോ, പിങ്ക്, സില്‍വര്‍, ബ്ലാക്ക്, ഗ്രേ എന്നിവയാണ് പ്രധാനമായും ഒല സ്കൂട്ടറുകള്‍ക്ക് നല്കുന്ന വര്‍ണങ്ങള്‍. ഇത് മാറ്റ്, മെറ്റാലിക് തുടങ്ങിയ ഫിനീഷിങ്ങില്‍ ലഭ്യമാകും.
സ്കൂട്ടറിന്റെ പേര് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഒല സീരീസ് എസ്, എസ്-1, എസ്-1 പ്രോ എന്നീ പേരുകളിലായിരിക്കും ഈ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍. എസ്-1 അടിസ്ഥാന മോഡലും എസ്-1 പ്രോ ഉയര്‍ന്ന വകഭേദവും സീരീസ് എസ് സ്പെഷ്യല്‍ എഡിഷന് പതിപ്പ് ആകുമെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.
ഡീലര്ഷിപ്പുകളിലൂടെയുള്ള പരമ്പരാഗത വില്‍പ്പനയ്ക്ക് പകരം വാഹനം ഉപയോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന വില്‍പ്പന സമ്പ്രദായമായിരുന്നു ഒല സ്വീകരിക്കുകയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. ഉപയോക്താക്കളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതില്‍ ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഓണ്‍ലൈനായാണ് ഈ സ്കൂട്ടറിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്.
നിരത്തുകളിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളെക്കാള്‍ മികച്ച മോഡലായിരിക്കും ഇതെന്നാണ് നിര്‍മാതാക്കളുടെ വാദം. മികച്ച സ്പീഡ്, വലിയ ബൂട്ട്സ്പേസ്, നൂതന സാങ്കേതികവിദ്യ എന്നിവയാണ് ഒലയുടെ ഓഫര്‍. 18 മിനിറ്റ് കൊണ്ട് 50 ശതമാനം ബാറ്ററി ചാര്‍ജിങ് ശേഷിയാണ് വാഹനത്തിന്റെ പ്രത്യേകത. 75 കിലോമീറ്റര്‍ ദൂരം ഈ ചാര്‍ജിങ്ങില്‍ സഞ്ചരിക്കാം. ഒറ്റത്തവണ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.
Content Highlights: Consumers to get a choice of 10 colours for the Ola Scooter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..