
ഒല എസ്1 കഴുതയെ ഉപയോഗിച്ച് കെട്ടി വലിക്കുന്നു | Photo: Social Media
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളില്‍ വലിയ വിപ്ലവത്തിന്റെ തുടക്കമായാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടറിന്റെ വരവിനെ വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ലക്ഷകണക്കിന് ബുക്കിങ്ങുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നേടിയത് ഉള്‍പ്പെടെ വലിയ നേട്ടങ്ങളും ഈ വാഹനം വരവിന് മുമ്പേ നേടിയിരുന്നു. എന്നാല്‍, വാഹനം യാഥാര്‍ഥ്യമായതോടെ അതുവരെ ഉണ്ടാക്കിയെടുത്ത എല്ലാ ജനപ്രീതിയും തകിടം മറിയുന്നതാണ് കാണുന്നത്. സോഫ്റ്റ്വെയര് പ്രശ്നം, തീപിടിത്തം തുടങ്ങിയ പ്രശ്നങ്ങള്‍ പല കോണുകളിൽനിന്ന് ഉയര്‍ന്ന വന്നിട്ടുണ്ട്.
എന്നാല്‍, ഒലയ്ക്കെതിരേയുള്ള ഒരു വേറിട്ട പ്രദര്‍ശനമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഒരു കഴുതയെ ഉപയോഗിച്ച് തന്റെ സ്കൂട്ടര്‍ കെട്ടിവലിച്ചാണ് ഒരു വാഹന ഉടമ തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. വാഹനം വാങ്ങി ആറ് ദിവസത്തിനുള്ളില്‍ സ്കൂട്ടറിന് തകരാര്‍ സംഭവിച്ചിട്ടും സര്‍വീസ് ചെയ്യാനോ സ്കൂട്ടര്‍ മാറ്റി നല്‍കാനോ നിര്‍മാതാക്കളായ ഒല തയാറാവാത്തതിനാലാണ് അദ്ദേഹം വേറിട്ട പ്രതിഷേധവുമായി നിരത്തുകളില്‍ ഇറങ്ങിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ താമസിക്കുന്ന സച്ചിന് ഗിറ്റെയെന്ന വ്യക്തിയാണ് ഒലയ്ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ഈ വാഹന നിര്‍മാതാക്കളെ വിശ്വസിക്കരുത് എന്ന പോസ്റ്റര്‍ കഴുതയുടെ കഴുത്തില്‍ തൂക്കിയിട്ട് മഹാരാഷ്ട്രയിലെ പാര്ളി സ്ട്രീറ്റിലൂടെയായിരുന്നു അദ്ദേഹം സ്കൂട്ടറുമായി പോയത്. വാഹനം വാങ്ങിയപ്പോള്‍ മുതല്‍ നിരവധി തകരാറുകള്‍ കാണുകയും അത് കമ്പനിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ഒല ഇലക്ട്രിക്കിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.
2021 സെപ്റ്റംബറിലാണ് സച്ചിന് ഒലയുടെ ഇലക്ട്രിക് സ്കൂട്ടര്‍ ബുക്ക് ചെയ്തത്. 2022 മാര്‍ച്ച് 24-ന് അദ്ദേഹത്തിന് വാഹനം ലഭിച്ചു. എന്നാല്‍, വെറും ആറ് ദിവസം മാത്രം ഉപയോഗിച്ചതോടെ സ്കൂട്ടറില്‍ പല തകരാറുകള്‍ കണ്ടെത്തുകയായിരുന്നു. ഇത് പരിഹരിക്കുന്നതിനായി കമ്പനിയെ സമീപിക്കുകയും ഒരു മെക്കാനിക്ക് എത്തുകയും ചെയ്തു. എന്നാല്‍, തകരാര്‍ പൂര്‍ണമായി പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ അവ്യക്തമായ മറുപടികളാണ് നല്‍കിയിരുന്നതെന്നാണ് സച്ചിന് ആരോപിക്കുന്നത്.
പിന്നീട് അദ്ദേഹം പ്രതിഷേധവുമായി രംഗത്തിറങ്ങുകയും അത് പ്രദേശിക മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. വാഹനത്തിലെ തകരാറും കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയും ചൂണ്ടിക്കാട്ടി സച്ചിന് ഒല ഇക്ട്രിക്കിനെതിരേ കണ്‍സ്യൂമര്‍ ഫോറത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നണ് റിപ്പോര്‍ട്ട്. പൂനെയില്‍ തീപിടിച്ച ഒല സ്കൂട്ടറിന്റെ ബാച്ചില്‍ നിര്‍മിച്ച് 1441 ഒല എസ്1 പ്രോ മോഡലുകള്‍ തിരിച്ച് വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടര്‍ അഗ്നിക്കിരയായത്.
എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ രണ്ട് വേരിയന്റുകളുമായി 2021 ഓഗസ്റ്റ് 15-ാം തിയതിയാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്. എസ് വണ്‍ എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയര്‍ന്ന വകഭേദമായ എസ് വണ്‍ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമായിരുന്നു. എക്സ്ഷോറും വില. ഇന്ത്യന്‍ നിരത്തുകളില്‍ ഏഥര്‍ 450, ബജാജ് ചേതക് ഇലക്ട്രിക്, ടി.വി.എസ്. ഐ-ക്യൂബ് തുടങ്ങിയ ഇലക്ട്രിക് കരുത്തരുമായാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടറുകള് മത്സരിക്കുന്നത്.
Source: Car and Bike, Image: Instagram/letsupp.marathi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..