ഇന്ത്യന്‍ നിരത്തിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ കുതിപ്പിന് കടിഞ്ഞാണിടാനെത്തിയ അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ക്ലീവ്ലാന്‍ഡ് സൈക്കിള്‍വര്‍ക്സ്. എയ്സ്, മിസ്ഫിറ്റ് എന്നീ രണ്ട് മോഡലുകളുമായി കഴിഞ്ഞ വര്‍ഷമാണ് ക്ലീവ്ലാന്‍ഡ് ഇന്ത്യയിലെത്തിയത്.
തുടക്കത്തില്‍ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു രണ്ട് ബൈക്കുകളുടെയും വില. എന്നാല്‍, ഇതില്‍ എയ്സിന്റെ വില കമ്പനി കുറച്ചിരിക്കുകയാണ്. ആദ്യം ബുക്ക് ചെയ്യുന്ന 200 ബൈക്കുകള്‍ക്ക് 38,000 രൂപയുടെ കുറവാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. 1.85 ലക്ഷം രൂപയായിരിക്കും ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
വില കുറയ്ക്കുന്നതിന് പുറമെ, കൂടുതല്‍ നിറങ്ങളിലും എയ്സ് പുറത്തിറങ്ങുമെന്നാണ് വിവരം. മാറ്റ് ബ്ലാക്ക്, മെറ്റാലിക് ഓറഞ്ച്, മാറ്റ് ഗ്രീന്‍ ഷെയ്ഡ് എന്നീ നിറങ്ങളാണ് കൂടുതലായി ഒരുക്കിയിട്ടുള്ളത്. സ്കൈ ബ്ലൂ നിറത്തിലുള്ള വാഹനങ്ങളും വൈകാതെ എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
യുവാക്കളെ ആകര്‍ഷിക്കാന്‍ റെട്രോ സ്റ്റൈല്‍ നേക്കഡ് ബൈക്കായാണ് എയ്സ് ഡീലക്സ് എത്തുന്നത്. 229 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് എയ്സ് ഡീലക്സിന് കരുത്തേകുന്നത്. 15.4 ബിഎച്ച്പി പവറും 16 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്. 5 സ്പീഡാണ് ഗിയര്‍ബോക്സ്.
സ്ക്വയര്‍-സെക്ഷന്‍, സിംഗിള്‍-ഡൗണ്‍ട്യൂബ് ഫ്രെയ്മിലാണ് ക്ലീവ്ലാന്റ് എയ്സിന്റെ നിര്‍മാണം. മുന്നില്‍ അപ്പ്സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍-ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്ഷന്. 133 കിലോഗ്രാമാണ് ആകെ ഭാരം. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 14 ലിറ്റര്‍. 30 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കും.
വിവിധ വേരിയന്റിനനുസരിച്ച് 150-180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ലഭിക്കും. മുന്നില്‍ 298 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 210 എംഎം ഡിസ്ക് ബ്രേക്കുമാണ് സുരക്ഷാ ചുമതല വഹിക്കുക. അതേസമയം എബിഎസ് സംവിധാനം കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.
ക്ലീവ്ലാന്‍ഡ് ഇന്ത്യയിലെത്തിക്കുന്ന മറ്റൊരു വാഹനമാണ് മിസ്ഫിറ്റ്. ട്യൂബുലാര്‍, സ്റ്റീല്‍ ബാക്ക്ബോണ്‍ ഡ്യുവല്‍-ക്രാഡില്‍ ഫ്രെയ്മിലാണ് മിസ്ഫിറ്റിന്റെ നിര്‍മാണം. എയ്സിലേതിന് സമാനമായ എന്‍ജിനും സസ്പെന്‍ഷനുമാണ് ഇതിലും ഉള്ളത്. 144 കിലോഗ്രാമാണ് ഭാരം. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 15 ലിറ്റര്‍.
Content Highlights: Cleveland Ace Deluxe Gets A Price Cut In India; Now Priced At 1.85 Lakh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..