ജാവ ഒരു യുഗത്തെയാണ് തിരിച്ചു കൊണ്ടുവന്നത്, ഇപ്പോഴിതാ പിന്നാലെ വരികയാണ് അക്കാലത്തെ മിന്നും താരങ്ങള്‍ വീണ്ടും. ജാവയ്ക്ക് പിന്നാലെ യെസ്ഡിയും ബി.എസ്.എ.യും എത്തിക്കുകയാണ് ക്ളാസിക് ലെജന്‍ഡ്സ്. ബി.എസ്.എ.യുടെ കാര്യം ഏതായാലും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, യെസ്ഡി എന്നെത്തും എന്ന് കമ്പനി വ്യക്തമായി പറയുന്നില്ല. കാരണം, ജാവയെ എങ്ങനെയാണ് പുതുതലമുറ  സ്വീകരിക്കുന്നത് എന്നറിഞ്ഞിട്ടാണ് ഭാവികാര്യങ്ങള്‍ എന്നാണ് അധികൃതരുടെ ഭാഷ്യം.

Yezdi

കരുത്ത് കൂടിയ വിഭാഗത്തിലാണ് ബി.എസ്.എ. ബൈക്കുകള്‍ എത്തുക. കാരണം, പണ്ടുതന്നെ ശേഷിയുടെ കാര്യത്തിലാണ് ബി.എസ്.എ അറിയപ്പെട്ടിരുന്നത്. 500 മുതലങ്ങോട്ടായിരിക്കും എഞ്ചിനുകള്‍. 500, 650,700 സി.സി. ബൈക്കുകളായിരിക്കും ബി.എസ്.എ. കൊണ്ടുവരിക. പ്രധാനമായും റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നിവയെ നേരിടാനാണ് സാധ്യത. 
 
എന്നാല്‍ യെസ്ഡി എപ്പോള്‍ എത്തുമെന്ന് പറയാനായിട്ടില്ല. പണ്ടും ജാവയ്ക്കു ശേഷമായിരുന്നു യെസ്ഡിയുമെത്തിയത്. അതേപോലെ തുടരാനാണ് സാധ്യത. തുടക്കകാലത്തു മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച ഐഡിയല്‍ ജാവ കമ്പനിയായിരുന്നു ജാവ, യെസ്ഡി ബൈക്കുകളെ ഇന്ത്യയില്‍ വിറ്റത്. അറുപതുകളുടെ ആരംഭത്തില്‍ ചെക്കോസ്ളോവാക്യയില്‍ ഹിറ്റായ ജാവ ബൈക്കുകള്‍, ഐഡിയല്‍ ജാവ കമ്പനിയാണ് ഇന്ത്യയിലെത്തിച്ചത്.

Jawa Yezdi

ആദ്യം ജാവയെയായിരുന്നു അവര്‍ വിപണിയിലെത്തിച്ചത്. ജാവയ്ക്കുള്ള പ്രചാരം കണ്ടതോടെ യെസ്ഡിയും നിര്‍മിക്കാന്‍ തുടങ്ങി. പിന്നീടൊരു ഘട്ടത്തില്‍ ജാവ പൂര്‍ണമായും യെസ്ഡിയായി മാറി. റോഡ് കിംഗ്, ഓയില്‍ കിങ്, ക്ലാസിക്, മൊണാര്‍ക്ക്, ഡീലക്സ്, 350, 175 എന്നിവയായിരുന്നു യെസ്ഡിയുടെ ജനപ്രിയ മോഡലുകള്‍. കടബാധ്യതമൂലം 1996 ല്‍ ഐഡിയല്‍ ജാവ ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി.  എങ്കിലും ഇപ്പോഴും ജാവയും യെസ്ഡിയും  പൊന്നുപോലെ നോക്കുന്നവരുണ്ട്. 250-350 സിസി ശ്രേണിയിലേക്കായിരിക്കും യെസ്ഡി ബൈക്കുകള്‍ വരുന്നത്. 

Read This- ജാവ Vs റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്‌

Content Highlights; Classic Legends Planning To Launch Yezdi & BSA Motorcycles