ജാവ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ റീ എന്‍ട്രി ഒരുക്കിയ ക്ലാസിക് ലെജന്റസ് ബി.എസ്.എ. ബ്രാന്റില്‍ ഇലക്ട്രിക് ബൈക്കുകള്‍ നിരത്തുകളില്‍ എത്തിക്കാനൊരുങ്ങുന്നു. 2016-ലാണ് ബ്രിട്ടീഷ് കമ്പനിയായ ബി.എസ്.എ. ക്ലാസിക് ലെജന്റ്‌സ് ഏറ്റെടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനം എത്തിക്കാനായിരുന്നു നീക്കമെങ്കില്‍ പിന്നീട് ഇത് ഇലക്ട്രിക്കിലേക്ക് മാറ്റുകയായിരുന്നു. 

കാര്‍ബണ്‍ എമിഷന്‍ കുറഞ്ഞ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.കെ. സര്‍ക്കാര്‍ ബി.എസ്.എയ്ക്ക് 4.6 മില്ല്യണ്‍ പൗണ്ടിന്റെ ഗ്രാന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ധനസഹായം ലഭിക്കുന്ന പശ്ചാത്തലത്തിലാണ് ബി.എസ്.എ. ബ്രാന്റ് വീണ്ടുമെത്തിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിലൂടെ പുതിയ ഒരു തുടക്കമാണ് ബി.എസ്.എ. ഉദേശിക്കുന്നതെന്നും കമ്പനി അറിയിച്ചു.

മലിനീകരണം നിയന്ത്രിക്കുക, പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ബി.എസ്.എയ്ക്ക് ഗ്രാന്റ് അനുവദിച്ചിട്ടുള്ളത്. ബി.എസ്.എയുടെ ഉടമസ്ഥരായ ക്ലാസിക് ലെജന്റ്‌സ് യു.കെയില്‍ ഇതിനോടകം ടെക്‌നിക്കല്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രിക് ബൈക്കുകള്‍ക്ക് പുറമെ, റെഗുലര്‍ ബൈക്കുകളുടെ നിര്‍മാണവും ബി.എസ്.എ. പരിഗണിക്കുമെന്നാണ് സൂചന. 

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സ് 2016-ലാണ് ബര്‍മിങ്ങ്ഹാം സ്‌മോള്‍ ആംസ് (ബി.എസ്.എ) ഏറ്റെടുത്തത്. തോക്കുകള്‍ നിര്‍മിക്കുന്നതിനായി 1861-ലാണ് ബി.എസ്.എ. സ്ഥാപിച്ചത്. എന്നാല്‍, കമ്പനിയുടെ മെറ്റല്‍ വര്‍ക്കിങ്ങ് ഫാക്ടറികള്‍ പിന്നീട് സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍ നിര്‍മാണത്തിലേക്ക് മാറുകയും 1950-ഓടെ ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായി മാറുകയും ചെയ്തു.

Content Highlights: Classic Legends Develop Electric Motorcycle Under BSA Brand