ന്ത്യയിലെ ഇരുചക്ര വാഹന പ്രേമികളെ ആവേശത്തിലാക്കി 2019-ന്റെ ആരംഭത്തിലാണ് ചൈനീസ് സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ സി.എഫ്. മോട്ടോ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. ആ വര്‍ഷം വിപണിയില്‍ മെച്ചപ്പെട്ട സാന്നിധ്യമായിരുന്നെങ്കിലും 2020-ല്‍ സി.എഫ്. മോട്ടോയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല. ബി.എസ്.6 മാനദണ്ഡം, കോവിഡ്-19 മഹാമാരി തുടങ്ങിയവയായിരുന്നു സി.എഫിനും വില്ലനായി എത്തിയത്. 

എന്നാല്‍, 2021-ല്‍ ശക്തമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഈ ചൈനീസ് കരുത്തന്‍. ഇതിന്റെ ഭാഗമായി സി.എഫ്. മോട്ടോയുടെ മിഡില്‍വെയിറ്റ് നേക്കഡ് സ്‌പോര്‍ട്‌സ് ബൈക്ക് മോഡലായ 650 എന്‍.കെ. മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ബി.എസ്.6 എന്‍ജിന്‍ മാനദണ്ഡം അനുസരിച്ച് നിരത്തുകളില്‍ എത്താനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. വരും ആഴ്ചകളില്‍ ഈ മോഡലിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

സി.എഫ്. മോട്ടോയില്‍ നിന്ന് ബി.എസ്. 6 മാനദണ്ഡം പാലിച്ചെത്തുന്ന രണ്ടാമത്തെ വാഹനമാണ് 650 എന്‍.കെ. ഈ ബൈക്കിന്റെ കുഞ്ഞന്‍ പതിപ്പായ 300 എന്‍.കെയാണ് ബി.എസ്.6-ലേക്ക് മാറിയ ആദ്യ മോഡല്‍. 649 സി.സി. പാരലന്‍ ട്വിന്‍ എന്‍ജിനാണ് ഈ മോഡലിന് കരുത്തേകുന്നത്. ഇത് 60 ബി.എച്ച്.പി. പവറും 56 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സായിരിക്കും 650 എന്‍.കെയില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. 

ഫീച്ചറുകളില്‍ മെച്ചപ്പെട്ട അപ്‌ഡേഷന്‍ വരുത്തിയാണ് പുതിയ 650 എന്‍.കെയുടെ വരവ്. മുന്‍ മോഡലില്‍ നല്‍കിയിരുന്ന എല്‍.ഇ.ഡി. സ്‌ക്രീനിന് പകരം ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് കണ്‍സോളായിരിക്കും നല്‍കുക. ഈ സ്‌കീനിനൊപ്പം പുതുതലമുറ ബൈക്കുകളിലല്‍ നല്‍കുന്ന കണക്ടിവിറ്റി ഫീച്ചറുകളും ഒരുങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വാഹനത്തിലെ കൂടുതല്‍ ഫീച്ചറുകള്‍ അവതരണ വേളയിലായിരിക്കും വെളിപ്പെടുത്തുകയെന്നും സൂചനയുണ്ട്.

ഡിസൈനിലും പുതുമ വരുത്തിയിട്ടുണ്ട്. പുതിയ ടാങ്ക്, വ്യത്യസ്തമായി നിറങ്ങള്‍ക്കൊപ്പം പുതുമയുള്ള ഗ്രാഫിക്‌സ് എന്നിവ നല്‍കിയായിരിക്കും 650 എന്‍.കെ അലങ്കരിക്കുക. പുതുതലമുറ കെ.ടി.എം. ഡ്യൂക്ക് മോട്ടോര്‍ സൈക്കിളിന്റെ ഡിസൈനിങ്ങ് നിര്‍വഹിച്ചിട്ടുള്ള ഓസ്ട്രിയന്‍ കമ്പനിയായ കിസ്‌ക ഡിസൈനായിരിക്കും ഈ വാഹനം അണിയിച്ചൊരുക്കുന്നത്. മുന്‍ മോഡലിന് 3.99 ലക്ഷം രൂപയായിരുന്നെങ്കില്‍ പുതിയ പതിപ്പിന് 4.5 ലക്ഷം രൂപയോളം എക്‌സ്‌ഷോറും വില പ്രതീക്ഷിക്കാം.

Content Highlights: CF Moto To Launch BS-6 Engine 650 NK Super Bike In India