
നിതിൻ ഗഡ്കരി | Photo: ANI
ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീപ്പിടിത്തമുണ്ടാകുന്നത് നിത്യസംഭവമാകുന്ന പശ്ചാത്തലത്തില്‍ തകരാര്‍ കണ്ടെത്തിയ വൈദ്യുത സ്കൂട്ടറുകളെല്ലാം മുന്‍കരുതല്‍ നടപടിയെന്നനിലയില്‍ തിരിച്ചുവിളിച്ച് പ്രശ്നം പരിഹരിക്കണമെന്ന് അവയുടെ നിര്‍മാതാക്കളോട് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദേശിച്ചു.
ചൂടുകൂടിയ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ വൈദ്യുത സ്കൂട്ടറുകളുടെ ബാറ്ററികള്‍ക്ക് ചില പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആരംഭദശയിലുള്ള വൈദ്യുത വാഹനവ്യവസായത്തിന് 'തടസ്സമുണ്ടാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.'എന്നാല്‍, സുരക്ഷയ്ക്കാണ് സര്‍ക്കാരിന്റെ മുന്തിയപരിഗണന. മനുഷ്യജീവന്വെച്ച് ഒരൊത്തുതീര്‍പ്പിനും സര്‍ക്കാര്‍ തയ്യാറല്ല' -റെയ്സിന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വലിയ പ്രചാരം നേടിയ ഒല ഇലക്ട്രില്സിന്റെ 1,441 വൈദ്യുത സ്കൂട്ടറുകള് നിര്‍മാതാക്കള്‍ കഴിഞ്ഞയാഴ്ച തിരിച്ചുവിളിച്ചിരുന്നു. മറ്റ് ഇ-സ്കൂട്ടര്‍ നിര്‍മാതാക്കളായ ഒക്കിനാവ ഒട്ടോടെക് 3,000-വും പ്യൂര്ഇ.വി. 2,000-വും സ്കൂട്ടറുകള് തിരിച്ചുവിളിച്ചു. വൈദ്യുത സ്കൂട്ടറുകള് തീപിടിക്കുന്ന സാഹചര്യം അന്വേഷിക്കാനും പരിഹാരം നിര്‍ദേശിക്കാനും സെന്റര്‍ ഫോര്‍ ഫയര്‍ എക്സ്പ്ലോസീവ് ആന്‍ഡ് എന്‍വയണ്‍മെന്റ് സേഫ്റ്റിയെ ഗതാഗതമന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.
തീപ്പിടിത്തമുണ്ടാകുന്ന സാഹചര്യത്തില്‍ മൂന്ന് മുന്‍നിര ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കള്‍ ഒരാഴ്ചയ്ക്കുള്ളില്‍ 6656 സ്കൂട്ടറുകള് പിന്‍വലിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. തകരാറുള്ള സ്കൂട്ടറുകളുടെ ബാച്ചുകള്‍ ഒന്നാകെ പിന്‍വലിച്ച് പരിശോധിക്കണമെന്ന് കഴിഞ്ഞദിവസം കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദേശിച്ചിരുന്നു. വൈദ്യുത സ്കൂട്ടറുകളുടെ ബാറ്ററികള്‍ക്ക് തീപ്പിടിച്ചും പൊട്ടിത്തെറിച്ചുമുണ്ടാകുന്ന അപകടങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നാലുപേരാണ് മരിച്ചത്. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..