പ്രതീകാത്മക ചിത്രം
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ഫാസ്റ്റ് അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ്ങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് അഥവ ഫെയിം (FAME). 2015-ല്‍ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ ആദ്യഘട്ടം അതേവര്‍ഷം ഏപ്രിലില്‍ ആണ് ആരംഭിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന ആളുകള്‍ക്ക് വലിയ സബ്‌സിഡി ഉള്‍പ്പെടെ പ്രഖ്യാപിക്കുന്നതായിരുന്നു പദ്ധതി. ഇത് വലിയ വിജയമായതോടെ 2019-ല്‍ ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടവും ആരംഭിക്കുകയായിരുന്നു.
2022-ല്‍ അവസാനിക്കാനിരുന്ന ഈ പദ്ധതി സര്‍ക്കാര്‍ 2024 മാര്‍ച്ച് മാസം വരെ നീട്ടിയിരുന്നു. രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ ശേഷി അനുസരിച്ച് കിലോവാട്ടിന് 15,000 രൂപ നിരക്കിലായിരുന്നു സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നല്‍കുന്ന സബ്‌സിഡി കിലോവാട്ടിന് 15,000 എന്ന നിരക്കില്‍ നിന്ന് 10,000 ആക്കി കുറച്ചിരിക്കുകയാണ്. ജൂണ്‍ ഒന്നാം തിയതി മുതലാണ് ഈ ഭേദഗതി പ്രാബല്യത്തില്‍ വരുത്തിയത്.
ബാറ്ററിയുടെ ശേഷിയുടെ അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന സബ്‌സിഡിക്ക് പുറമെ, 1.50 ലക്ഷം രൂപയില്‍ താഴെയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഫെയിം പദ്ധതിയുടെ അടിസ്ഥാനത്തില്‍ അനുവദിച്ചിരുന്ന 40 ശതമാനം ഇന്‍സെന്റീവ് ഫാക്ടറി വിലയുടെ 15 ശതമാനമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. മേയ് 19-നാണ് മിനിസ്ട്രി ഓഫ് ഹെവി ഇന്‍ഡസ്ട്രീസ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഇത് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
.jpg?$p=f8722e5&&q=0.8)
സബ്‌സിഡിയും ഇന്‍സെന്റീവും വെട്ടിക്കുറച്ചതോടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ മേധാവിത്വം വഹിക്കുന്ന കമ്പനികളിലൊന്നായ ഏഥര്‍ ഇലക്ട്രിക്കിന്റെ സ്‌കൂട്ടറുകളുടെ വില 20,500 രൂപ മുതല്‍ 30,000 രൂപ വരെയാണ് വര്‍ധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഥര്‍ 450X ഉയര്‍ന്ന വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില 1.65 ലക്ഷമായാണ് ഉയര്‍ന്നിരിക്കുന്നത്. അടിസ്ഥാന മോഡലിന്റെ വില 1.45 ലക്ഷത്തിലാണ് ആരംഭിക്കുന്നത്.
ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഏഥര്‍ 450 എക്‌സ് സ്‌കൂട്ടറിന് 55,500 രൂപ വരെയാണ് സബ്‌സിഡി കിട്ടിയിരുന്നത്. എന്നാല്‍, ബാറ്ററി ശേഷിക്ക് അനുസരിച്ച് ലഭിക്കുന്ന സബ്‌സിഡി കുറയ്ക്കുകയും ഇന്‍സെന്റീവ് 40 ശതമാനത്തില്‍ നിന്ന് 15 ശതമാനം ആയി കുറയ്ക്കുകയും ചെയ്തതോടെ സബ്‌സിഡി തുക 22,485 രൂപയായാണ് കുറഞ്ഞിരിക്കുന്നത്. അതായത് ഏകദേശം 33,000 രൂപയുടെ വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. ഈ കാരണത്താലാണ് സ്‌കൂട്ടറിന്റെ വില വര്‍ധിച്ചിരിക്കുന്നതെന്നാണ് വിവരം.

ഇന്ത്യയില്‍ ഏറ്റവുമധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിക്കുന്ന ഒലയും വാഹനങ്ങളുടെ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ മുമ്പുവരെ ഒരു ലക്ഷം രൂപയ്ക്ക് വിപണിയില്‍ എത്തിയിരുന്ന ഒല എസ് 1-ന്റെ വില 1.30 ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം, ഉയര്‍ന്ന വകഭേദമായ ഒല എസ് 1 പ്രോ മോഡലിന്റെ വില 1.25 ലക്ഷം രൂപയില്‍ നിന്ന് 1.40 ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ട് സ്‌കൂട്ടറും തമ്മിലുള്ള അന്തരം കേവലം 10,000 രൂപ മാത്രമാണ്.
നാല് കിലോവാട്ട് ശേഷിയുള്ള ബാറ്ററിയുമായി എത്തിയിരുന്ന എസ് 1 പ്രോ മോഡലിന് മുമ്പ് 59,550 രൂപയായിരുന്നു സബ്‌സിഡിയായി ലഭിച്ചിരുന്നത്. എന്നാല്‍, സബ്‌സിഡി വെട്ടിക്കുറച്ചതോടെ ഇത് 22,268 രൂപയിലേക്കാണ് ഇടിഞ്ഞത്. സമാനമായി 44,700 രൂപയായിരുന്നു എസ്1 മോഡലിന് ലഭിച്ചിരുന്ന ഇളവ്. ഇത് 20,678 രൂപയിലേക്കാണ് താഴ്ന്നത്. ഇതോടെ എസ്1, എസ്1 പ്രോ എന്നീ മോഡലുകളുടെ മുംബൈയിലെ ഓണ്‍റോഡ് വില യഥാക്രമം 1.45 ലക്ഷവും 1.55 ലക്ഷവുമായാണ് ഉയര്‍ന്നിരിക്കുന്നത്.

ബജാജിന്റെ ഇരുചക്ര വാഹനങ്ങളിലെ ഏക ഇലക്ട്രിക് മോഡലായ ചേതക് ഇലക്ട്രിക്കിനും ഫെയിം പദ്ധതിയില്‍ വരുത്തിയ മാറ്റത്തിന്റെ ഭാഗമായി വില ഉയര്‍ത്തിയിട്ടുണ്ട്. 22,500 രൂപയാണ് ഈ വാഹനത്തിന് വില ഉയര്‍ത്തിയിരിക്കുന്നത്. മുമ്പ് 1.22 ലക്ഷം രൂപയായിരുന്നു ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെങ്കില്‍ ഇപ്പോള്‍ അത് 1.44 ലക്ഷം രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. അതായത് ഈ വാഹനം നിരത്തുകളില്‍ എത്തുമ്പോള്‍ 1.50 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുമെന്ന് ചുരുക്കം.
ഫെയിം 2 പദ്ധതി അനുസരിച്ച് ബാറ്ററിയുടെ ശേഷിയും വിലയില്‍ നല്‍കുന്ന ഇന്‍സെന്റീവും ഉള്‍പ്പെടെ 43,500 രൂപയായിരുന്നു ചേതക്കിന് സബ്‌സിഡിയായി ലഭിച്ചിരുന്നത്. എന്നാല്‍, പുതുക്കിയ ഭേദഗതി അനുസരിച്ച് 22,500 രൂപ മാത്രമാണ് ചേതക്കിന് സബ്‌സിഡി ലഭിക്കുക. 2.88 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററിയാണ് ബജാജ് ചേതക് ഇലക്ട്രിക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഫെയിം മുന്‍ മാനദണ്ഡം അനുസരിച്ച് 30,000 രൂപയ്ക്ക് മുകളിലായിരുന്നു ഈ വാഹനത്തിന് ബാറ്ററിയുടെ അടിസ്ഥാനത്തില്‍ മാത്രം ലഭിക്കുന്ന സബ്‌സിഡി.

ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുടവുവെച്ചിട്ടുള്ള മറ്റൊരു കമ്പനിയാണ് ടി.വി.എസ്. ഇലക്ട്രിക് ശ്രേണിയില്‍ ഐ ക്യൂബ് എന്ന വാഹനമാണ് ഇവര്‍ എത്തിച്ചിട്ടുള്ളത്. വേരിയന്റുകള്‍ക്ക് അനുസരിച്ച് 17,000 രൂപ മുതല്‍ 22,000 രൂപ വരെയാണ് ടി.വി.എസ്. ഐ ക്യൂബിന്റെ വിലയില്‍ വരുത്തിയിട്ടുള്ള വര്‍ധനവ്. സ്റ്റാന്റേഡ് ഐ ക്യൂബ്, ഐ ക്യൂബ് എസ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്.
Content Highlights: central government reduce the subsidies and Incentives for electric scooters, FAME-2
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..