പെട്രോള്‍വിലയുടെ ഗ്രാഫ് കുത്തനെ ഉയരുമ്പോള്‍ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുമായി എത്തിയിരിക്കുകയാണ് കടലുണ്ടി പനക്കത്തൊടി സ്വദേശി കൊല്ലേരി സജിത്ത്. താക്കോലിന് പകരം ഫിംഗര്‍ ലോക്കും ഫോണിലെ വൈഫെ ഉപയോഗിച്ചും ഈ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാം. 

ഹെല്‍മെറ്റ് ധരിച്ചാല്‍ മാത്രമേ യാത്രക്കാരന് ബൈക്ക് ഓടിക്കാന്‍ കഴിയൂ. ബൈക്കില്‍നിന്ന് ഏതെങ്കിലും അപകടം പറ്റിയാല്‍ ആ വിവരം ബൈക്കില്‍ രജിസ്റ്റര്‍ചെയ്ത നമ്പറിലേക്ക് ഓട്ടോമാറ്റിക്കായി വീട്ടുകാരെ അറിയിക്കുന്ന ഓട്ടോമാറ്റിക് ആക്‌സിഡന്റ് കോള്‍ അലര്‍ട്ട് സിസ്റ്റവും ബൈക്കില്‍ ഘടിപ്പിച്ചിട്ടുണ്ട്. 

കൂടാതെ ഫൈന്‍ഡര്‍ മോഡ്, ജി.പി.എസ്. ബ്ലൂടൂത്ത് മ്യൂസിക് സിസ്റ്റം, റിവേഴ്സ് ഗിയര്‍, നാലാം സ്പീഡ് ഗിയര്‍, എന്നീ പ്രത്യേകതയും ബൈക്കില്‍ സജിത്ത് ഒരുക്കീട്ടുണ്ട്. മണിക്കൂറില്‍ അറുപത് കിലോമീറ്ററാണ് വേഗം. അഞ്ച് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ തൊണ്ണൂറ് കിലോമീറ്റര്‍വരെ ഓടിക്കാം. 

ഏറ്റവും കൂടുതല്‍ ഫീച്ചര്‍ ഉള്ള ഇലക്ട്രിക് ബൈക്ക് ആയിട്ടാണ് 2022-ലേക്കുള്ള ലിംകാ ബുക്ക് ഓഫ് റെക്കോഡിലേക്ക് സജിത്ത് കൊല്ലേരിയെ ഇപ്പോള്‍ പരിഗണിച്ചിരിക്കുന്നത്. ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ പഠിച്ചിറങ്ങിയ സജിത്ത് ഒഴിവ് സമയത്താണ് ഇപ്പോള്‍ ഇത്തരം പരീക്ഷണം നടത്തുന്നത്. പ്രകൃതി സൗഹൃദമായ വാഹനമാണ് ഇതെന്ന് സജിത്ത് പറയുന്നു.

Content Highlights: Calicut Native Sajith Develop Electric Smart Bike