വീണ്ടും യാത്രകളുടെ കാലം. കോവിഡ് മഹാമാരിയുടെ അടച്ചിടലുകളില്‍ നിന്നുള്ള മോചനത്തിനായി കാത്തിരുന്നവര്‍ കെട്ടുപൊട്ടിച്ച് യാത്രകളുടെ സ്വാതന്ത്ര്യത്തിലേക്ക്. കൂട്ടിന് രണ്ടുചക്രമുള്ള വഴിയില്‍ കിടത്താത്ത ഒരു കൂട്ടുകാരനുമുണ്ടെങ്കില്‍ ആനന്ദത്തിന് ഇനി എന്തുവേണം. അങ്ങിനെ ചിലരുണ്ട്. യാത്രകളുടെ കൂട്ടുകാര്‍. അവര്‍ ജീവിതത്തിന് നിറംപിടിപ്പിക്കുന്നത് യാത്രകളിലൂടെയാണ്.. അവിടെ കാണുന്ന കാഴ്ചകളിലൂടെയാണ് അങ്ങിനെ ചിലരെ പരിചയപ്പെടാം.
അച്ഛന്റെ ബുള്ളറ്റ് കണ്ട് ആരാധനമൂത്തതാണ് കൊച്ചിയിലെ ഷെഹന്‍ഷായുടെകഥ. അത് 1990 മോഡല്‍ ബുള്ളറ്റായിരുന്നു. അതിലാണ് ആദ്യ പഠനം. പിന്നീട് യാത്രകളെ സ്നേഹിച്ചു തുടങ്ങി. ബിരുദത്തിനു ശേഷം റോയല്‍ എന്‍ഫീല്‍ഡില്‍ ട്രെയിനറായതിനു കാരണവും ഈ ബുള്ളറ്റുപ്രേമം തന്നെ.
കൊച്ചി മുതല്‍ അങ്ങ് ലേ വരെ 9500കിലോമീറ്റര്‍ വരെ ആ യാത്ര നീണ്ടു. പതിനാറ് സംസ്ഥാനങ്ങളിലൂടെയുള്ള ആ യാത്ര നല്‍കിയ അനുഭവങ്ങള്‍ ഏറെയാണെന്ന് ഷെഹന്‍ഷാ പറയുന്നു. കൊറോണയ്ക്ക് ശേഷമുള്ള അടുത്ത യാത്രയുടെ പദ്ധതിയിലാണിപ്പോള്‍ ഷെഹന്‍ഷായും കൂട്ടുകാരും.

ബുള്ളറ്റുകാരുടെ കൂട്ടായ്മയായ ബുള്ളറ്റ് ബുദ്ധയിലെ അംഗമാണ് ലിജീഷ് പ്രഭാകരന്‍. യാത്രകളെ പ്രണയിച്ചിരുന്ന ലിജീഷും അതിനുവേണ്ടിയായിരുന്നു ബുള്ളറ്റിനെ തിരഞ്ഞെടുത്തത്. കന്യാകുമാരി മുതല്‍ ലഡാക്കിലെ കര്‍ദുങ്ങ്ലാവരെ നീണ്ട 11800 കിലോമീറ്റര്‍ യാത്രയായിരുന്നു ലിജീഷിന്റെ യാത്രകളില്‍ പ്രധാനം.
മഞ്ഞുകാലത്ത് ഉത്തരാഖണ്ഡിലേക്കും ഹിമാചല്‍ പ്രദേശിലേക്കുമുള്ള യാത്രകള്‍ ഒരിക്കലും മറക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. റോയല്‍ എന്‍ഫീല്‍ഡിനോടുള്ള പ്രേമം മൂത്ത് വിന്റേജ് വണ്ടികള്‍ വരെ സ്വന്തമാക്കാന്‍ തുടങ്ങിയ ചരിത്രം കൂടി ലിജീഷിനുണ്ട്. കൊറോണക്കാലത്തിനു ശേഷം വീണ്ടും യാത്രകള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ലിജീഷിപ്പോള്‍.

അഭിഭാഷകനായ അഖില്‍ കെ. സാബുവിന്റെ യാത്രകളും ഒട്ടും വേറിട്ടവഴിയിലായിരുന്നില്ല. 2006 മുതല്‍ എന്‍ഫീല്‍ഡിനൊപ്പം അറിയാപാതകള്‍ താണ്ടുകയാണ് അഖില്‍. ബുള്ളറ്റ് ബുദ്ധയിലെ അംഗമായ അഖിലിനാകട്ടെ ഇപ്പോള്‍ കയ്യിലുള്ളത് ഒരുകല്‍സിക് 350യും ഹിമാലയനുമാണ്. മഹാമാരിയുടെ കാലത്തിനുശേഷം അതിര്‍ത്തിയില്ലാത്ത യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് അദ്ദേഹം.
Content Highlights: Bullet Riders Journey After Covid-19Crisis