ബുള്ളറ്റ് ഓടിക്കാന്‍ മാത്രമല്ല, റിപ്പയര്‍ ചെയ്യാനും മിടുക്കിയായ കോട്ടയംകാരി ദിയാ ജോസഫ് എന്ന റിയല്‍ ബുള്ളറ്റ് ഗേള്‍ വൈറലാകുന്നു. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപമുള്ള പുളിക്കപ്പറന്പില്‍ ദിയാ ജോസഫിനെക്കുറിച്ച് സെപ്റ്റംബര്‍ ആറിന് മാതൃഭൂമി ദിനപ്പത്രത്തില്‍ 'ഷീ ന്യൂസില്‍' വന്ന ദിയാ റിയല്‍ 'ബുള്ളറ്റ് ഗേള്‍' എന്ന വാര്‍ത്തയിലൂടെയാണ് ബുള്ളറ്റ് റിപ്പയര്‍ചെയ്യുന്ന ദിയയെക്കുറിച്ച് ആദ്യം പുറംലോകം അറിയുന്നത്. 

ശേഷം കേരളത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമൊക്കെ ദിയയെ ഏറ്റെടുത്തു. ഇതിനിടയില്‍ ബുള്ളറ്റ് മെക്കാനിക്ക് ദിയയെക്കുറിച്ചറിഞ്ഞ് ബുള്ളറ്റ് അംഗീകൃതവ്യാപാരികളും ദിയയെ തേടിയെത്തി. കോട്ടയത്തെ കോണ്‍കോര്‍ഡ് റോയല്‍ എന്‍ഫീല്‍ഡ് ഷോറൂം പ്രതിനിധികള്‍ വീട്ടിലെത്തി സമ്മാനങ്ങള്‍ നല്‍കി. മാനേജിങ് പാര്‍ട്‌നര്‍ അക്ഷയ് തോമസ് കുര്യന്‍, സെയില്‍സ് മാനേജര്‍ എസ്.സൂരജ്, സര്‍വീസ് മാനേജര്‍ കെ.അജീഷ് കുമാര്‍ എന്നിവര്‍ നേരിട്ട് വീട്ടിലെത്തി അഭിനന്ദനം അറിയിക്കുകയായിരുന്നു. 

വീടിനോടുചേര്‍ന്ന് അപ്പ, േജാസഫ് ഡൊമിനിക്ക് നടത്തുന്ന ബുള്ളറ്റ് വര്‍ക്ക്ഷോപ്പില്‍ രണ്ടുവര്‍ഷംമുന്പ് പത്താംതരം പരീക്ഷകഴിഞ്ഞ അവധിക്കാണ് വര്‍ക്ക്ഷോപ്പില്‍ കയറിത്തുടങ്ങിയത്. ഇപ്പോള്‍ 97 ശതമാനം മാര്‍ക്കോടെ പ്‌ളസ് ടു പരീക്ഷ പാസായ ദിയ നീറ്റ്, എന്‍ജിനിയറിങ് പരീക്ഷാഫലം കാത്തിരിക്കുകയാണ്. ഈ മാസം 20-ന് ഇരുചക്രവാഹന ഡ്രൈവിങ് ലൈസന്‍സിനുള്ള ടെസ്റ്റ് കഴിഞ്ഞിട്ട് ബുള്ളറ്റ് യാത്ര കാത്തിരിക്കുകയാണ് ദിയ. ഭാവിയില്‍ ഏതു ജോലിചെയ്താലും സൈഡായി ബുള്ളറ്റ് റിപ്പയറിങ് കൂടെക്കൂട്ടണമെന്നാണ് ദിയയുടെ ആഗ്രഹം.

Content Highlights: Bullet Mechanic Girl Diya From Kottayam, 17 Year Old Girl Repair Bullet Bikes