ന്ത്യന്‍ ഇരുചക്ര വാഹനങ്ങളിലെ കരുത്തന്‍ സാന്നിധ്യമായ ക്ലാസിക് ലെജന്‍ഡ്‌സ് ജാവ ബൈക്കുകളുടെ ബിഎസ്-6 പതിപ്പുകള്‍ എത്തിതുടങ്ങി. ജാവ, ജാവ 42 ബൈക്കുകളാണ് ബിഎസ്-6 എന്‍ജിന്‍ നല്‍കി എത്തിയിരിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച പരേക് എന്ന മോഡല്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലാണ് എത്തിയത്.

ഇന്ത്യയില്‍ ആദ്യമായി ക്രോസ് പോര്‍ട്ട് സാങ്കേതികവിദ്യ ഒരുക്കിയാണ് ബിഎസ്-6 ജാവ മോഡലുകള്‍ എത്തിയിരിക്കുന്നത്. ഈ സംവിധാനം എന്‍ജിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും പവറും ടോര്‍ക്കും മെച്ചപ്പെടുത്തുകയും ചെയ്യും. ആദ്യമായാണ് ഒരു സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനില്‍ ക്രോസ് പോര്‍ട്ട് കോണ്‍ഫിഗറേഷന്‍ നല്‍കുന്നത്. 

ഇതിനുപുറമെ, ലാംഡ സെന്‍സര്‍ സംവിധാനവുമൊരുക്കിയാണ് ജാവ എത്തിയിട്ടുള്ളത്. ഇത് ഏത് പ്രതലത്തിലും സ്ഥിരമായ പെര്‍ഫോമെന്‍സ് ഒരുക്കുകയും മലിനീകരണം കുറഞ്ഞ എമിഷന്‍ സംവിധാനം ഒരുക്കുകയും ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റിലാണ് ഇത്തവണയും ജാവ എത്തിയിട്ടുള്ളത്. 

ജാവയുടെ രണ്ടാം വരവിലെ രൂപത്തില്‍ നിന്ന് കാര്യമായ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, ഈ ബൈക്കിനെ ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരുക്കുന്നതിനായി പുതിയ സീറ്റ് പാനും കുഷ്യനും നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, ഇത്തവണ കൂടുതല്‍ ക്രോമിയം പ്ലേറ്റിങ്ങ് നല്‍കി ജാവയേയും ജാവ 42-വിനെയും മോടിപിടിപ്പിച്ചിട്ടുണ്ട്.

ബിഎസ്-6 ജാവയുടെ വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. ജാവയുടെ സിംഗിള്‍ ചാനല്‍ എബിഎസ് മോഡലിന് 1.80 ലക്ഷം മുതല്‍ 1.81 ലക്ഷം വരെയും ഡ്യുവല്‍ ചാനല്‍ എബിഎസ് മോഡലിന് 1.89 ലക്ഷം മുതല്‍ 1.90 ലക്ഷം രൂപ വരെയും, ജാവ 42 മോഡലിന് സിംഗിള്‍ ചാനല്‍ എബിഎസിന് 1.67 ലക്ഷം രൂപയും ഡ്യുവല്‍ ചാനലിന് 1.76 ലക്ഷം രൂപയുമാണ് കേരളത്തിലെ എക്‌സ്‌ഷോറും വില.

Content Highlights: BS6 Engine Jawa, Jawa42 Models Starts Delivery