ന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ സുസുക്കിയുടെ കരുത്തേറിയ മോഡലായ ജിക്‌സര്‍ 250, ജിക്‌സര്‍ 250 എസ്എഫ് ബൈക്കുകളുടെ ബിഎസ്-6 പതിപ്പ് അവതരിപ്പിച്ചു. നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലായ ജിക്‌സര്‍ 250-ക്ക് 1.63 ലക്ഷം രൂപയും സ്‌പോര്‍ട്‌സ് പതിപ്പായ ജിക്‌സര്‍ 250 എസ്എഫിന് 1.74 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 

ഔദ്യോഗികമായി അവതരിപ്പിച്ച ഈ ബൈക്കുകള്‍ വരും ദിവസങ്ങളില്‍ ഡീലര്‍ഷിപ്പുകളിലെത്തുമെന്നാണ് സുചന. രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം ജൂണ്‍ പകുതിയോടെ ബൈക്കുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഈ മോഡലുകളുടെ ബുക്കിങ്ങ് മുമ്പുതന്നെ സുസുക്കി തുറന്നിരുന്നു.

ബിഎസ്6 നിലവാരത്തിലേക്ക് ഉയര്‍ന്ന 249 സിസി  സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എസ്ഒഎച്ച്‌സി  എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 26 ബിഎച്ച്പി പവറും 22.2 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സുസുക്കിയുടെ ഓയില്‍ കൂളിങ്ങ് സംവിധാനമുള്ള ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

ഇരു ബൈക്കുകളുടെയും ഡിസൈനില്‍ മാറ്റമില്ല. വലിയ ഫെയറിങ്, താഴ്ന്ന ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാര്‍, സ്‌പോര്‍ട്ടി എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡയമണ്ട് കട്ട് ഫിനിഷോടെ 17 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍, ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡ്യുവല്‍ എക്‌സിറ്റ് എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റ്, സ്പ്ലിറ്റ് സീറ്റ് എന്നിവയാണ് എസ്എഫ് 250യെ ആകര്‍ഷകമാക്കുന്നത്. 

2010 എംഎം നീളവും 740 എംഎം വീതിയും 1035 എംഎം ഉയരവും 1345 എംഎം വീല്‍ബേസുമാണ് ഇരുമോഡലിലുമുള്ളത്. ഗ്രൗണ്ട് ക്ലിയറന്‍സ് 165 എംഎമ്മും സീറ്റ് ഹൈറ്റ് 800 എംഎമ്മുമാണ്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസുമുണ്ട്. 

ഇന്ത്യന്‍ നിരത്തുകളില്‍ സിബിആര്‍ 250, യമഹ ഫേസര്‍ 250 എന്നിവയാണ് ജിക്‌സര്‍ എസ്എഫ് 250യുടെ എതിരാളുകള്‍. യമഹ എഫ്ഇസഡ് 25 ജിക്‌സര്‍ 250യോട് ഏറ്റുമുട്ടും.

Content Highlights: BS-6 Engine Suzuki Gixxer 250 And Gixxer 250SF Launched In India