പടക്കുതിരകളെ പോലെയുള്ള മോട്ടോര്‍ ബൈക്കുകള്‍ നിര്‍മിക്കുന്നതില്‍ കീര്‍ത്തി നേടിയ ബിഎംഡബ്ല്യു മോട്ടോറാഡ് ചെറുദൂരങ്ങള്‍ താണ്ടാന്‍ വേണ്ടി സൈക്കിളിനെ അനുസ്മരിപ്പിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹനം അവതരിപ്പിക്കുന്നു. പേര് എക്സ്2സിറ്റി. ഗതാഗതക്കുരുക്കുകളില്‍ ശ്വാസംമുട്ടുന്ന നഗരവീഥികളിലൂടെ പുഷ്പം പോലെ അനായാസം ഓടിക്കാന്‍ കഴിയുന്ന ഈ കിക്ക് സ്‌കൂട്ടര്‍ 14 വയസ്സിനുമേലുള്ള ആര്‍ക്കും ഡ്രൈവ് ചെയ്യാം, ഓടിക്കുമ്പോള്‍ ഹെല്‍മറ്റും വേണ്ട.
മടക്കാവുന്ന സ്റ്റിയറിങ്ങ് യൂണിറ്റുള്ള ഈ വണ്ടിയുടെ ഭാരം 20 കിലോഗ്രാം മാത്രം. അതിനാല്‍ സാധനം ഒരു കോംപാക്റ്റ് കാറിന്റെ ഡിക്കിയിലോ സഞ്ചരിക്കുന്ന ബസ്സിലോ കൂടെ കൊണ്ടുപോകാം. അതില്‍ നിന്നിറങ്ങുമ്പോള്‍ സ്‌ക്കൂട്ടര്‍ നിവര്‍ത്തി വേണ്ടിടത്തേക്ക് ഓടിച്ചുപോകാം.
വിന്‍ഡ് സ്‌കൂട്ടര്‍ പോലെ യാത്രികന്‍ നിന്നുകൊണ്ട് ഒരു കാല്‍ നിരത്തില്‍ ചവിടിത്തള്ളി വേണം സ്‌ക്കൂട്ടര്‍ ഓടിച്ചുതുടങ്ങാന്‍. അങ്ങനെ മണിക്കൂറില്‍ ആറ് കിലോമീറ്റര്‍ വേഗമെത്തിയാല്‍ മാത്രമേ ഇലക്ടിക് മോട്ടോര്‍ പ്രവര്‍ത്തിച്ചുതുടങ്ങൂ. ലിഥിയം അയണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറുള്ള എക്സ്2സിറ്റിക്ക് മണിക്കൂറില്‍ 25 കിലോമിറ്റര്‍ വരെ വേഗത്തില്‍ പോകും.
ഒരു തവണ ചാര്‍ജിങ്ങില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന സ്‌ക്കൂട്ടറിന്റെ ഹാന്‍ഡില്‍ ബാറുകളില്‍ ഘടിപ്പിച്ച ഓപ്പറേറ്റിങ്ങ് യൂണിറ്റ് ഉപയോഗിച്ച് അഞ്ച് സ്പീഡുകളില്‍ (മണിക്കൂറില്‍ 8, 12, 16, 20, 25 കിലോമീറ്ററുകള്‍) ഓടിക്കാം. വീടുകളിലുള്ള വൈദ്യുതി സോക്കറ്റുകളില്‍ നിന്ന് രണ്ടര മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം.
ബ്രേക്ക് ലിവറിന് മേലുള്ള സ്വിച്ച് ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും ബാറ്ററിയും മോട്ടോറും ഓഫ് ചെയ്യാം. വായു നിറയ്ക്കുന്ന, വീതിയും വലുപ്പവുമുള്ള ടയറുകള്‍ നിരപ്പില്ലാത്ത പ്രതലങ്ങളിലും ഉരുളന്‍കല്ലുകള്‍ നിറഞ്ഞ റോഡുകളിലും പോലും നല്ല ഗ്രിപ്പ് നല്‍കും.
മുന്നിലും പിന്നിലുമുള്ള ഡിസ്‌ക് ബ്രേക്കുകള്‍ ഹാന്‍ഡിലിലുള്ള ലിവറുകളുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. പിന്നിലുള്ള ചുവന്ന ലൈറ്റ് വണ്ടി ബ്രേക്ക് ചെയ്യുന്നത് പിന്നിലുള്ളവരെ അറിയിക്കും. ഇരുചക്രങ്ങള്‍ക്കും മേലുള്ള വീല്‍ഗാഡുകള്‍ നിരത്തിലെ വെള്ളവും ചെളിയും തെറിക്കുന്നത് തടയും. മുന്നില്‍ത്തന്നെ ബിഎംഡബ്യു മോട്ടോറാഡ് എന്നെഴുതിയിട്ടുണ്ടെങ്കിലും ഇത് പൂര്‍ണമായും ബിഎംഡബ്ലിയു വണ്ടിയല്ല. അവര്‍ക്കൊപ്പം സൈക്കിള്‍ നിര്‍മാതാക്കളായ സെഡ്ഇജിയും അവരുടെ ബ്രാന്‍ഡുകളായ കെറ്റ്ലര്‍, ഹെര്‍ക്കുലീസ്, പെഗാസസ് എന്നിവരും ചേര്‍ന്നാണ് എക്സ്2സിറ്റി നിര്‍മിക്കുന്നത്. അതിനാല്‍ ബിഎംഡബ്ലിയുവിന്റെ ഡീലര്‍ ശൃംഖല വഴിയല്ല വില്‍പ്പന. സൈക്കിള്‍ ഷോപ്പുകള്‍ വഴിയും കെറ്റ്ലര്‍ അലു-റാഡ് ജിഎംബിഎച്ചിന്റെ ഓണ്‍ലൈന്‍ ഷോപ്പ് വഴിയുമായിരിക്കും വില്‍പ്പന.
അടുത്ത വര്‍ഷം വിപണിയിലെത്തുന്ന എക്സ്2സിറ്റിക്ക് വില നിശ്ചയിച്ചിട്ടില്ലെങ്കിലും അത് 2500 യൂറോയിലും (1.8 ലക്ഷം രൂപ) കുറവായിരിക്കും.