ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡ് ഇന്ത്യയിലെത്തിച്ചിട്ടുള്ള ജി 310ആര്‍, ജി 310ജി.എസ് ബൈക്കുകളുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. മുഖം മിനുക്കല്‍ ഉള്‍പ്പെടെയുള്ള മാറ്റം വരുത്തിയെത്തിയെങ്കിലും വില കുറച്ചാണ് ഈ ബൈക്കുകള്‍ എത്തിയിരിക്കുന്നത്. 

ബി.എം.ഡബ്ല്യു. ജി 310ആര്‍ മോഡലിന് 2.45 ലക്ഷം രൂപയും ജി 310ജി.എസ് വേരിയന്റിന് 2.85 ലക്ഷം രൂപയുമാണ് പുതിയ എക്‌സ്‌ഷോറും വില. മുന്‍ മോഡലിന് യഥാക്രമം 2.99 ലക്ഷം രൂപയും 3.49 ലക്ഷം രൂപയുമായിരുന്നു വില. ബിഎസ്-6 എന്‍ജിനിലേക്ക് മാറിയതിനൊപ്പം സാങ്കേതികവിദ്യയിലും മെച്ചപ്പെട്ടാണ് ഈ ബൈക്കുകള്‍ എത്തിയിട്ടുള്ളത്. 

ജര്‍മനിയിലെ മ്യൂണിക്കില്‍ വികസിപ്പിച്ച് ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മിച്ചതാണ് ബിഎംഡബ്ല്യു ജി 310ആര്‍, ജി 310ജി.എസ് ബൈക്കുകള്‍. മോട്ടോറാഡിന്റെ ഇന്ത്യയിലെ പങ്കാളിയായ ടി.വി.എസ്. മോട്ടോര്‍ കമ്പനിയുടെ ഹൊസൂറിലെ പ്ലാന്റില്‍ ബി.എസ്.6 സ്റ്റാന്‍ഡേര്‍ഡ്‌സിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.

ഡിസൈനില്‍ കാര്യമായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. നാല് നിറങ്ങള്‍ ചേര്‍ന്ന റാലി കളര്‍ സ്‌കീമിനൊപ്പം റാലി സ്റ്റിക്കറുകളും ജി.എസ്.ഐ ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. പുതിയ രണ്ട് നിറങ്ങളില്‍ കൂടി ഇത്തവണ ഈ ബൈക്കുകളെത്തും. പുതിയ എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍ സ്ട്രിപ്പ്, ടി.എഫ്.ടി ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയും പുതുമയാണ്. 

ബിഎസ്-6 നിലവാരത്തിലുള്ള 313 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും ജി 310ആര്‍, ജി 310ജിഎസ് മോഡലുകളില്‍ പ്രവര്‍ത്തിക്കുന്നത്. 34 പിഎസ് പവറും 28 എന്‍എം ടോര്‍ക്കുമാണ് മുന്‍ മോഡല്‍ ഉത്പാദിപ്പിച്ചിരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

ബിഎംഡബ്ല്യു മോട്ടോറാഡ് ഷോറുമുകളിലും കമ്പനിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും ഈ ബൈക്കുകള്‍ക്കുള്ള ബുക്കിങ്ങ് തുറന്നതായാണ് സൂചന. ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ ടിവിഎസുമായി സഹകരിച്ച് പ്രാദേശികമായി നിര്‍മിച്ചാണ് മോഡലുകളെത്തുന്നത്. ചെന്നൈയിലെ പ്ലാന്റിലാണ് ഈ ബൈക്കുകള്‍ ഒരുങ്ങുന്നത്.

Content Highlights: BMW Motorrad G 310 R and BMW G 310 GS launched