ലോകത്തെ മുന്‍നിര കമ്പനികള്‍ പുറത്തിറക്കുന്ന കാറുകളുടെ അതേ രൂപത്തില്‍ കോപ്പിയടി മോഡലുകള്‍ നിര്‍മിച്ചിറക്കുന്ന നിരവധി കമ്പനികള്‍ ചൈനയിലുണ്ട്. ഇത്തരത്തില്‍ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ജി310ജിഎസിന്റെ അതേ മാതൃകയില്‍ പുറത്തിറങ്ങിയ പുതിയ എവറസ്റ്റ് കയൂ 400X അഡ്വഞ്ചര്‍ ബൈക്കാണ് ഇപ്പോഴത്തെ വാര്‍ത്താതാരം. 

ബിഎംഡബ്ല്യുവിന്റെ എന്‍ട്രി ലെവല്‍ ജി 310 ജിഎസ് അഡ്വഞ്ചര്‍ മോഡലിന്റെ തനിപകര്‍പ്പാണ് ഈ ചൈനീസ് മോഡല്‍. മുന്നിലെ വലിയ വിന്‍ഡ്‌സ്‌ക്രീന്‍, ഫ്യുവല്‍ ടാങ്ക്, ഹെഡ്‌ലാമ്പ്, നോക്കിള്‍ ഗാര്‍ഡ്, ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ലഗേജ് പാനിയേഴ്‌സ്, ഓള്‍ ടെറൈന്‍ ടയര്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം ബിഎംഡബ്ല്യുവിന് സമാനം. ഗ്രൗണ്ട് ക്ലിയറന്‍സിലും (200 എംഎം), സീറ്റ് ഹൈറ്റിലും (790 എംഎം) റൈഡിങ് പൊസിഷനിലും വരെ യാതൊരു മാറ്റവും പ്രകടമല്ല. 

bmw
BMW G310GS

അതേസമയം മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമുണ്ട്. 36 പിഎസ് പവറും 35 എന്‍എം ടോര്‍ക്കുമേകുന്ന 378 സിസി ട്വിന്‍ സിലിണ്ടര്‍ 8 വാള്‍വ് ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ചൈനീസ് മോഡലിന് കരുത്തേകുന്നത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. 34 പിഎസ് പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 313 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബിഎംഡബ്ല്യു ജി 310 ജിഎസിന്റെ ഹൃദയം. 6 സ്പീഡാണ് ഗിയര്‍ബോകസ്. മുന്നില്‍ 41 എംഎം ഇന്‍വേര്‍ട്ടഡ് ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് എവറസ്റ്റ് കയൂവിലെ സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ ട്വിന്‍ 296 എംഎം ഡിസ്‌കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കുമുണ്ട്. ഡ്യുവല്‍ ചാനല്‍ എബിഎസും സ്റ്റാന്റേര്‍ഡാണ്. 

ചൈനയില്‍ 29800 ചൈനീസ് യൂവാനാണ് (ഏകദേശം 2.9 ലക്ഷം രൂപ) എവറസ്റ്റ് കയൂവിന്റെ വില. ബിഎംഡബ്ല്യു ജി310 ജിഎസിന് 3.49 ലക്ഷം മുതലാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. നേരത്തെ ചൈനയില്‍ ലാന്‍ഡ് റോവര്‍ ഇവോക്കിന്റെ കോപ്പിയടി മോഡല്‍ നിര്‍മിച്ചതിനെതിരേ ലാന്‍ഡ് റോവര്‍ കേസ് നല്‍കിയിരുന്നു. ഇതില്‍ ലാന്‍ഡ് റോവറിന് അനുകൂലമായി ഈ വര്‍ഷം തുടക്കത്തില്‍ വിധിവരികയും ഇവോക്ക്‌ കോപ്പിയടി കാറുകളുടെ വില്‍പന നിര്‍ത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. 

Source; Rushlane, Indianautosblog

Contnet Highlights; BMW G310GS copy pasted version Everest Kaiyue 400X launch, BMW G310GS, Everset kaiyue 400X, Chinese copycat vehicles