ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ബ്ലാക്ക്‌സ്മിത്ത് ഇലക്ട്രിക് തങ്ങളുടെ ആദ്യ പ്രൊഡക്ഷന്‍ ഇലക്ട്രിക് ബൈക്കിന്റെ ടീസര്‍ പുറത്തുവിട്ടു. ബ്ലാക്ക്‌സ്മിത്ത് ബി2 എന്ന് പേരിട്ട ഇലക്ട്രിക് ബൈക്ക് അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും. ബാറ്ററി സ്വാപ്പ് ടെക്‌നോളജിയില്‍ പാറ്റന്റ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മൊബിലിറ്റി കമ്പനിയാണ് ബ്ലാക്ക്‌സ്മിത്തെന്നും കമ്പനി അവകാശപ്പെട്ടു. 

Blacksmith

72V ലിഥിയം-അയേണ്‍ ബാറ്ററി പാക്കിനൊപ്പം 5 kW ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തേകുന്നത്. പരമാവധി 19.44 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കും  ബി 2 വില്‍ ലഭിക്കും. മണിക്കൂറില്‍ 120 കിലോമീറ്ററാണ് പരമാവധി വേഗത. 3.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വേഗതയിലെത്താനും സാധിക്കും. സിംഗിള്‍ ബാറ്ററി പാക്കില്‍ 120 കിലോമീറ്റര്‍ ദൂരവും ഡ്യുവല്‍ ബാറ്ററി പാക്കില്‍ 240 കിലോമീറ്ററും സഞ്ചരിക്കാന്‍ സാധിക്കും. നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണാമായി ചെയ്യാമെന്നും കമ്പനി പറയുന്നു. 

റൈഡര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വാഹനത്തിലുണ്ടാകും. ജിപിഎസ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ആന്റി തെഫ്റ്റ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും ബി 2 മോഡലിലില്‍ ബ്ലാക്ക്‌സ്മിത്ത് ഉള്‍പ്പെടുത്തും. ടീസര്‍ പ്രകാരം അടിമുടി സ്‌പോര്‍ട്ടി ലുക്കിലാണ് ബി 2 വിപണിയിലേക്കെത്തുന്നത്. ക്രൂസര്‍ മോഡലുകളോട് സാദൃശ്യം തോന്നുന്ന രൂപമാണ് ബി 2 ഇലക്ട്രിക് മോഡലിനുള്ളത്.

Blacksmith

വീതിയേറിയ ഹാന്‍ഡില്‍ ബാര്‍, വലിയ ഫ്യുവല്‍ ടാങ്ക്, എല്‍ഇഡി ഹെഡ്‌ലാമ്പ്, വലിയ വിന്‍ഡ്‌സ്‌ക്രീന്‍, സ്റ്റെപ്പ് അപ്പ് സീറ്റ്, മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍, ടാങ്ക് മൗണ്ടഡ് ഡിസ്‌പ്ലേ എന്നിവ സഹിതമാണ് ബി2 വരുന്നത്. 2200 എംഎം നീളവും 800 എംഎം വീതിയും 1150 എംഎം ഉയരവും 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്. 200 കിലോഗ്രാമാണ് ലോഡിങ് കപ്പാസിറ്റി. വില സംബന്ധിച്ച വിവരങ്ങള്‍ ലോഞ്ചിങ് വേളയിലേ കമ്പനി വ്യക്തമാക്കു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഫെയിം 2 പദ്ധതി പ്രകാരം സബ്‌സിഡിയോടെയാണ് ബി 2 വിപണിയിലെത്തുക.  

2016-ലാണ് ബ്ലാക്ക്‌സ്മിത്ത് ഇലക്ട്രിക് കമ്പനി രൂപീകൃതമായതെങ്കിലും 2002 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ഇതിലെ ഗവേഷണ ടീം. ഇലക്ട്രിക് മോട്ടോര്‍ മുതലുള്ള മിക്ക ഭാഗങ്ങളും ഇന്ത്യയില്‍ തന്നെ ഇന്ത്യയില്‍ നിര്‍മിച്ചവയാണ് കമ്പനി പറയുന്നു. ബി 2 മോഡലിന് മുമ്പെ 2003, 2004, 2014 എന്നീ വര്‍ഷങ്ങളിലായി മൂന്ന് പ്രോട്ടോടൈപ്പ് മോഡലുകള്‍ കമ്പനി നിര്‍മിച്ചിരുന്നു. നാലാമത്തെ പ്രോട്ടോടൈപ്പ് ഈ വര്‍ഷവും. ഇതിന്റെ പ്രൊഡക്ഷന്‍ മോഡലാണിപ്പോള്‍ വിപണിയിലേക്കെത്തുന്നത്. 

blacksmith
4th Prototype

Content Highlights; Blacksmith B2, Blacksmith Electric, B2 Electric Bike