ബേഡ് ഗ്രൂപ്പിന്റെ ഇലക്ട്രിക് വാഹന നിര്‍മാണ വിഭാഗമായ ബേഡ് ഇലക്ട്രിക് മൊബിലിറ്റി ES1+ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നു. 2021 പകുതിയോടെ അവതരിപ്പിക്കാനൊരുങ്ങുന്ന ഈ വാഹനം ആദ്യ ഡല്‍ഹിയിലും പിന്നാലെ രാജ്യത്തെ ടയര്‍-1, ടയര്‍-2 നഗരങ്ങളിലും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് മനേസര്‍ പ്ലാന്റില്‍ അസംബിള്‍ ചെയ്യാനൊരുങ്ങുന്ന  ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 50,000 രൂപയായിരിക്കും എക്‌സ്‌ഷോറും വില.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ റൈഡ് ഷെയറിങ്ങ് പദ്ധതിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിനായി ഓസ്‌ട്രേലിയന്‍ ഇ-മൊബിലിറ്റി കമ്പനിയായ വി മോട്ടോയുമാണ് ബേഡ് ഇലക്ട്രിക് ധാരണപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ ബേഡ് മൊബിലിറ്റി സി.യു.മിനി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വി മോട്ടോയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എത്തുന്നുണ്ട്. ഇത് ഇന്ത്യയിലുമെത്തിക്കാനാണ് പദ്ധതി.

CUx ഇലക്ട്രിക് സ്‌കൂട്ടറിന്റെ റീ ബാഡ്ജിങ്ങ് പതിപ്പാണ് ബേഡ് ഇ.എസ്.1. കാഴ്ചയില്‍ പരമ്പരാഗത സ്‌കൂട്ടറുളുടെ വെല്ലുന്ന സ്റ്റൈലാണ് ഈ മോഡലിന്റെ പ്രത്യേകത. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ടെയ്ല്‍ലാമ്പും, സ്പ്ലിറ്റ് സീറ്റ്, എല്‍.സി.ഡി. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവാണ് ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍. 1782 എം.എം. നീളവും 727 എം.എം. വീതിയും 1087 എം.എം. ഉയരവുമുള്ള ഈ സ്‌കൂട്ടറില്‍ 1217 എം.എം. വീല്‍ബേസും ഒരുക്കിയിട്ടുണ്ട്. 

മൂന്ന് എ.എച്ച് ലിഥിയം അയേണ്‍ ബാറ്ററിയും 1.6 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമാണ് ഈ സ്‌കൂട്ടറിന് കരുത്തേകുന്നത്. പരമാവധി 45 കിലോമീറ്റര്‍ വേഗതയുള്ള ഈ ഇ.എസ്. 1 പ്ലസ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 55 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. 12 ഇഞ്ച് വലിപ്പമുള്ള വീലുകള്‍ക്കൊപ്പം ഡിസ്‌ക് ബ്രേക്കാണ് സുരക്ഷയൊരുക്കുന്നത്. മുന്നില്‍ ടെലി സ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ സ്പ്രിങ്ങ് ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് ഇതില്‍ സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്.

Source: ElectricVehicleWeb.in

Content Highlights: Bird Electric Mobility Launch ES1+ Electric Scooter In India