മൂഹമാധ്യമങ്ങളിലെ കൈയടികള്‍ക്കായി നിരവധി അഭ്യാസങ്ങളും സാഹസിക പ്രകടനങ്ങളുമാണ് പല ആളുകളും കാട്ടിക്കൂട്ടുന്നത്. ഇതില്‍ തന്നെ ഏറ്റവുമധികം വാഹനങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസങ്ങളാണ്. സ്വന്തം ജീവനും നിരത്തുകളിലൂടെ പോകുന്ന മറ്റുള്ളവരുടെ ജീവനും ഒരു പോലെ അപകടമുണ്ടാക്കുന്ന ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും ഈ അഭ്യാസ ദൃശ്യം പങ്കുവെച്ചിട്ടുണ്ട്.

ഡ്രൈവറില്ലാതെ നിരത്തില്‍ ഒടുന്ന ഒരു ബൈക്കിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, ഇതിന്റെ പിന്നിലെ സീറ്റില്‍ ഒരാള്‍ വശം തിരിഞ്ഞ് ഇരിക്കുന്നതും കാണാം. വാഹനം അത്യാവശ്യം വേഗത്തിലാണ് റോഡിലൂടെ പോകുന്നതെന്നും വീഡിയോയില്‍ നിന്നും വ്യത്തമാണ്. പിന്നിലെ സീറ്റില്‍ ഇരിക്കുന്ന അദ്ദേഹം റോഡിലൂടെ പോകുന്നവരെയും റോഡരികള്‍ നില്‍ക്കുന്നതുമായുള്ള ആളുകളെ കൈ ഉയര്‍ത്തി കാണിക്കുന്നതും ദൃശ്യത്തിലുണ്ട്.

ഇലോണ്‍ മസ്‌ക് ഇന്ത്യയില്‍ ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ എത്തിക്കാനൊരുങ്ങുന്നു. അതേസമയം ഇന്ത്യയിലെ കാഴ്ച ഇതാണ് എന്ന തലക്കെട്ടോടെയാണ് ഈ ദൃശ്യം ആദ്യം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനുപിന്നാലെയാണ് ആനന്ദ് മഹീന്ദ്രയും ഈ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. ഞാന്‍ ഒരു യാത്രികന്‍, ഡ്രൈവറുമില്ല, ലക്ഷ്യവുമില്ല എന്ന അര്‍ഥം വരുന്ന തലക്കെട്ടോടെയാണ് ആനന്ദ് മഹീന്ദ്ര ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. 

ഏത് സ്ഥലത്താണ് ഈ അഭ്യാസം നടന്നിട്ടുള്ളതെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിരവധി ആളുകളാണ് ഈ ദൃശ്യം റീട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി നിരവധി കമന്റുകളാണ് ഇതിന് താഴെയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബൈക്ക് ഓടിക്കുന്നയാള്‍ സ്വയം അപകടം വിളിച്ച് വരുത്തുന്നതിനൊപ്പം റോഡിലൂടെ പോകുന്ന മറ്റുള്ളവര്‍ക്കും ഭീഷണിയാകുന്നുണ്ടെന്നാണ് കുറ്റപ്പെടുത്തലുകള്‍. ഹെല്‍മറ്റ് പോലും വയ്ക്കാതെ എല്ലാ നിയമലംഘനങ്ങളും നടത്തുന്നുവെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

Content Highlights: Bike Stunting On Public Road, Dangerous Bike Ride Viral Video