ന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഇലക്ട്രിക് കാറുകളില്‍ അതികായരായ ടെസ്‌ല പോലെ ഇരുചക്ര വാഹനങ്ങളിലെ ടെസ്‌ലയാകുകയാണ് ബജാജിന്റെ ലക്ഷ്യമെന്ന് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് പറഞ്ഞു.

അടുത്ത വര്‍ഷം ഇലക്ട്രിക് ബൈക്കുകളുടെ നിര്‍മാണം ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സ്റ്റൈലിഷിനൊപ്പം കൂടുതല്‍ സുരക്ഷയും അധിക മൈലേജും ഉറപ്പാക്കുന്ന ഇലക്ട്രിക് ബൈക്കുകളും സ്‌കൂട്ടറുകളും പുറത്തിറക്കാനാണ് ബജാജ് ഉദ്ദേശിക്കുന്നത്. 2020-ഓടെ വിവിധ മോഡലിലുള്ള ബജാജ് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിയേക്കും.

അര്‍ബനൈറ്റ് എന്ന പേരിലായിരിക്കും ബജാജിന്റെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുക. കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളും ബജാജിന്റെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ അണിനിരത്തുമെന്നാണ് വിവരം.

ബജാജിന് വന്‍ വില്‍പ്പന നേട്ടമുണ്ടാക്കിയ ഡിസ്‌കവര്‍ 125 ബൈക്കിന്റെ എന്‍ജിന്‍ 100 സിസിയായി കുറച്ചത് ബജാജിനെ ഇന്ത്യന്‍ വിപണിയില്‍ രണ്ടാമനാക്കിയെന്ന് കഴിഞ്ഞ ദിവസം രാജീവ് ബജാജ് അറിയിച്ചിരുന്നു. ഈ നഷ്ടപ്രതാപം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്.

Content Highlights: Bajaj Wants To Become Tesla Of 2-Wheelers