ന്ത്യയിലെ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ മേധാവിത്വം കൈയാളുന്ന ബജാജ് ഓട്ടോസ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നു. ബജാജ് അര്‍ബനൈറ്റ് എന്ന പേരിലായിരിക്കും ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും ബജാജ് നിരത്തിലെത്തിക്കുക. 

ബജാജ് അര്‍ബനൈറ്റിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ ഈ വര്‍ഷം തന്നെ നിരത്തിലെത്തുമെന്നാണ് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് ഉറപ്പുനല്‍കുന്നത്. അര്‍ബനൈറ്റിന്റെ മൂന്നുചക്ര വാഹനങ്ങള്‍ 2020-ല്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ഇപ്പോള്‍ നിരത്തിലുള്ള ഇരുചക്ര വാഹനങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഡിസൈനിലുള്ള വാഹനങ്ങള്‍ പുറത്തിക്കാനാണ് ബജാജ് ശ്രമിക്കുന്നത്. ഇതിന് പുറമെ, പ്രകൃതി സൗഹാര്‍ദ ഊര്‍ജമായിരിക്കും ഈ വാഹനത്തിന് കരുത്ത് പകരുകയെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. 

കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളും ബജാജിന്റെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ അണിനിരത്തുമെന്നാണ് വിവരം. 2020-ഓടെ ഇലക്ട്രിക് ബൈക്കുകളുടെ നിര കൂടുതല്‍ വിപുലമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 

ഇലക്ട്രിക് കാറുകളില്‍ അതികായരായ ടെസ്ല പോലെ ഇരുചക്ര വാഹനങ്ങളിലെ ടെസ്ലയാകുകയാണ് ബജാജിന്റെ ലക്ഷ്യമെന്ന് രാജീവ് ബജാജ് മുമ്പ് അറിയിച്ചിരുന്നു.

Content Highlights: Bajaj Urbanite Electric Bikes & Scooters Coming Soon