പ്രതീകാത്മക ചിത്രം | Photo: Bajaj Autos
കയറ്റുമതിയിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തോടെ ഇന്ത്യയിലെ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഒന്നാമനായി ബജാജ് ഓട്ടോ. 2021 ഏപ്രിലില്‍ ഇന്ത്യയുള്‍പ്പെടെ ലോക വ്യാപകമായി 3,48,173 യൂണിറ്റുകള്‍ വില്പന ചെയ്തും അതില്‍ 2,21,603 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തുമാണ് ഇന്ത്യയുടെ നമ്പര്‍ 1 മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായി ബജാജ് ഓട്ടോ മാറിയത്.
1,10,864 കോടി രൂപയുടെ വിപണി മൂല്യത്തോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള ഇരുചക്രവാഹന കമ്പനി എന്ന സ്ഥാനവും ബജാജ് ശക്തമാക്കി. ഇന്ത്യന്‍ വാഹന കയറ്റുമതിയില്‍ ബജാജ് ഓട്ടോ മുന്നിലാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ മോട്ടോര്‍ സൈക്കിളിന്റെയും മുച്ചക്ര വാഹനങ്ങളുടെ കയറ്റുമതിയുടെയും 60 ശതമാനം ബജാജിന്റേതായിരുന്നു.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബജാജ് ഓട്ടോയുടെ കയറ്റുമതി വരുമാനം 12,687 കോടി രൂപയാണ്. അതേസമയം, ആഭ്യന്തര വിപണിയില്‍ 2020 ഏപ്രിലിനെ അപേക്ഷിച്ച് ഈ വര്‍ഷം വില്‍പ്പന കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 30 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 2020 ഏപ്രില്‍ 1,81,393 മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ എത്തിച്ചപ്പോള്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ അത് 1,26,570 യൂണിറ്റായാണ് കുറഞ്ഞത്.
ഇരുചക്ര വാഹനങ്ങളിലെ മാര്‍ക്കറ്റ് ലീഡറായ ഹീറോയുടെ മേധാവിത്വമാണ് ഏപ്രിലിലെ വില്‍പ്പനയിലൂടെ ബജാജ് സ്വന്തമാക്കിയത്. ഹീറോയില്‍ നിന്ന് 3,72,285 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിയിട്ടുണ്ടെങ്കിലും ഇതില്‍ 32,956 യൂണിറ്റുകള്‍ സ്കൂട്ടറാണ്. 3,39,329 ബൈക്കുകളാണ് ഹീറോ വിറ്റഴിച്ചത്. അതേസമയം, 3,48,173 യൂണിറ്റാണ് ബജാജിന്റെ വില്‍പ്പന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..